എറണാകുളം: കിഴക്കമ്പലം പഞ്ചായത്തിലെ പ്രതിഷേധ സമരത്തിനിടെ മർദ്ദനമേറ്റ് മരിച്ച ട്വന്‍റി ട്വന്‍റി പ്രവർത്തകൻ സി.കെ. ദീപുവിന്‍റെ പോസ്റ്റുമോർട്ടം നാളെ (19.02.22) കോട്ടയം മെഡിക്കൽ കോളജിൽ നടത്തും. കുടുംബത്തിന്‍റെ ആവശ്യം പരിഗണിച്ചാണ് കോട്ടയം മെഡിക്കൽ കോളജിൽ പോസ്റ്റുമോർട്ടം നടത്തുന്നത്.
സി.പി.എം പ്രവർത്തകർ പ്രതിസ്ഥാനത്തുള്ളതിനാൽ എറണാകുളത്ത് പോസ്റ്റ് മോർട്ടം നടത്തിയാൽ അട്ടിമറി സാധ്യതയുണ്ടെന്നാണ് കുടുംബത്തിന്‍റെയും ട്വന്‍റി ട്വന്‍റിയുടെയും നിലപാട്. മൃതദേഹം ഇന്ന് രാജഗിരി മെഡിക്കൽ കോളജിൽ സൂക്ഷിക്കും.
Also Read: ട്വന്‍റി-20 പ്രവർത്തകൻ ദീപുവിനെ കൊന്നത് സി.പി.എം പ്രവർത്തകർ: വി.ഡി സതീശന്‍
മൃതദേഹം സൂക്ഷിച്ച രാജഗിരി മെഡിക്കൽ കോളജിലേക്ക് നിരവധി ട്വന്‍റി ട്വന്‍റി പ്രവർത്തകരാണ് എത്തിയത്. കുന്നത്ത് നാട് എം.എൽ എ പി.വി. ശ്രീനിജന് ദീപുവിന്‍റെ മരണത്തിൽ പങ്കുണ്ടെന്ന് ആരോപിച്ച് ട്വന്‍റി ട്വന്‍റി പ്രവർത്തകർ പ്രതിഷേധ പ്രകടനം നടത്തി. മൃതദേഹം കാണാനെത്തിയ കിഴക്കമ്പലം പഞ്ചായത്ത് അഞ്ചാം വാർഡ് മെമ്പർ നിഷ അലിയാർ ആശുപത്രിയിൽ കുഴഞ്ഞുവീണു.
പ്രതികള്‍ക്കെതിരെ കൊലക്കുറ്റം
കിഴക്കമ്പലത്തെ വിളക്കണക്കൽ പ്രതിഷേധത്തിനിടെ പരിക്കേറ്റ് ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ ഗുരുതരാവസ്ഥയിലായിരുന്ന ദീപു ഇന്ന് (18.02.22) ഉച്ചയ്ക്ക് 12 മണിക്ക് ശേഷമാണ് മരിച്ചത്. സംഭവത്തിൽ സി.പി.എം പ്രവർത്തകരായ അബ്ദുൽ റഹ്മാൻ, അസീസ്, സൈനുദീൻ, ബഷീർ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവർക്കെതിരെ വധശ്രമം ഉൾപ്പടെയുള്ള കുറ്റങ്ങളാണ് ചുമത്തിയത്.
കഴിഞ്ഞ ശനിയാഴ്ച രാത്രി മർദനമേറ്റ ദ്വീപുവിന്‍റെ ആരോഗ്യ നില ഗുരുതരാവസ്ഥയിൽ തുടരുകയായിരുന്നു. ആന്തരിക രക്തസ്രാവത്തെ തുടർന്ന് അടിയന്തര ശസ്ത്രക്രിയക്കും ഇയാളെ വിധേയമാക്കിയിരുന്നു. തുടർന്ന് വെന്‍റിലേറ്ററിൽ പ്രവേശിപ്പിച്ചിരുന്നു.
വെന്‍റിലേറ്ററിന്‍റെ സഹായത്തിൽ ജീവൻ നിലനിർത്തിയിരുന്ന ദീപുവിന്‍റെ ആരോഗ്യനിലയിൽ കാര്യമായി പുരോഗതിയില്ലന്ന് കഴിഞ്ഞ ദിവസം തന്നെ ആശുപത്രി അധികൃതർ അറിയിച്ചിരുന്നു. സ്ട്രീറ്റ് ലൈറ്റ് പദ്ധതിയെ എം.എൽ.എ പി.വി ശ്രിനിജന്‍ തടസപ്പെടുത്തുന്നുവെന്ന് ആരോപിച്ച് ട്വന്‍റി ട്വന്‍റി ഭരിക്കുന്ന നാല് പഞ്ചായത്തുകളിൽ വിളക്കണച്ച് പ്രതിഷേധിച്ചിരുന്നു. വിളക്കണക്കൽ സമരത്തിന്‍റെ സംഘാടകൻ കൂടിയായിരുന്നു മരിച്ച ദീപു.