എറണാകുളം: പോപ്പുലർ ഫിനാൻസ് തട്ടിപ്പ് കേസിലെ ഒന്നാം പ്രതി തോമസ് ഡാനിയലിന് ഇടക്കാല ജാമ്യം അനുവദിച്ചു. റിമാൻഡ് നീട്ടുന്നതിൽ പ്രത്യേക കോടതിക്ക് പറ്റിയ പിഴവ് ചൂണ്ടിക്കാട്ടിയാണ് സിംഗിൾ ബഞ്ച് ഇടക്കാല ജാമ്യം അനുവദിച്ചത്. 50000 രൂപ ബോണ്ടും തതുല്യ തുകയ്ക്കുള്ള രണ്ടാൾ ജാമ്യവും എന്ന വ്യവസ്ഥയിലാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്.
ഈ മാസം 9 ന് തോമസ് ഡാനിയലിന്‍റെ റിമാൻഡ് കാലാവധി അവസാനിച്ചിരുന്നു. എന്നാൽ 9 ന് കോടതി അവധിയായതു കൊണ്ട് റിമാൻഡ് നീട്ടിക്കൊണ്ടുള്ള ഉത്തരവ് പ്രത്യേക കോടതി ഇറക്കിയിരുന്നില്ല. അതേ സമയം തന്നെ അടുത്ത മാസം 19 ന് ഹാജരാകാനും കോടതി നിർദേശിച്ചിരുന്നു.
റിമാൻഡ് നീട്ടികൊണ്ടുള്ള ഉത്തരവ് ലഭിക്കാതിരുന്നതിനാൽ ഈ മാസം 9 മുതൽ നിയമവിരുദ്ധ തടങ്കലിലാണെന്നും ജാമ്യം അനുവദിക്കണമെന്നും പ്രതിഭാഗം ഹൈക്കോടതിയിൽ ആവശ്യപ്പെടുകയും തുടർന്ന് സിംഗിൾ ബഞ്ച് ഇടക്കാല ജാമ്യം അനുവദിക്കുകയുമായിരുന്നു.