എറണാകുളം: കൊച്ചിയിൽ ദേശീയപാത ഉപരോധത്തിനെതിരെ പ്രതികരിച്ച നടൻ ജോജു ജോർജിനെ ആക്രമിച്ച കേസിൽ കോൺഗ്രസ് പ്രവർത്തകരെ ഇന്ന് പൊലീസ് കസ്റ്റഡിയിലെടുക്കും. വാഹനം തകർക്കുകയും കൈയേറ്റത്തിന് ശ്രമിക്കുകയും ചെയ്തതിനെതിരെ ജോജു മരട് പൊലീസിൽ പരാതി നൽകിയിരുന്നു. ഈ മൊഴി പൊലീസ് ഇന്ന് രേഖപ്പെടുത്തും.
ഈ പരാതിയിലും, ദേശീയ പാതയിൽ ഗതാഗതം തടസപ്പെടുത്തിയതിലും രണ്ടു കേസുകളാണ് പൊലീസ് എടുത്തത്. അതേസമയം ജോജുവിനെതിരെ സ്ത്രീകൾക്കെതിരെ അതിക്രമം നടത്തിയെന്ന കോൺഗ്രസ് പരാതിയിൽ ഇതുവരെ പൊലീസ് കേസെടുത്തിട്ടില്ല. ഈ പരാതിയിൽ കേസെടുക്കണമോയെന്ന കാര്യത്തിൽ പൊലീസ് ഇന്ന് തീരുമാനമെടുക്കും. സംഭവത്തിന്‍റെ വീഡിയോ ദൃശ്യങ്ങൾ പൊലീസ് വിശദമായി പരിശോധിക്കും.
Also Read: വാട്‌സ്‌ആപ്പ് ഹാക്ക് ചെയ്‌ത് പണം തട്ടിപ്പ്; വിദേശപൗരന്‍ പിടിയില്‍
കോൺഗ്രസ് പ്രവർത്തകരുടെ പരാതിയിൽ കഴമ്പില്ലെന്നാണ് പൊലീസിന്‍റെ പ്രാഥമിക വിലയിരുത്തൽ. ജോജു മദ്യപിച്ചെത്തിയാണ് പ്രശ്നങ്ങളുണ്ടാക്കിയെന്നായിരുന്നു കോൺഗ്രസ് പ്രവർത്തകർ ആരോപിച്ചിരുന്നത്. എന്നാൽ വൈദ്യപരിശോധനയിൽ മദ്യപിച്ചില്ലെന്ന് കണ്ടെത്തിയിരുന്നു. ഇതോടെ കോൺഗ്രസ് ആരോപണത്തിന്‍റെ മുനയൊടിഞ്ഞു. തുടർന്നാണ് സ്ത്രീകൾക്കെതിരെ നടൻ അതിക്രമം നടത്തിയെന്ന ആരോപണം കോൺഗ്രസ് ശക്തമാക്കിയത്.
തിങ്കളാഴ്ച രാവിലെ 11 മണിക്ക് വിലവർധനവിനെതിരെ കോൺഗ്രസ് വൈറ്റില പാലത്തിന് സമീപം നടത്തിയ റോഡ് ഉപരേധ സമരത്തിനിടെയായിരുന്നു നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. ദേശീയ പാതയിൽ ദീർഘ നേരം ഗതാഗതം സ്തംഭിച്ചതിനെ ഇതു വഴി വന്ന നടൻ ജോജു ചോദ്യം ചെയുകയും പ്രതിഷേധിക്കുകയായിരുന്നു.
ഇതേ തുടർന്ന് കോൺഗ്രസ് പ്രവർത്തകർ ജോജുവിന്റെ വാഹനം തടയുകയും കൈയേറ്റത്തിന് ശ്രമിക്കുകയായിരുന്നു. ജോജുവിന്റെ വാഹനത്തിന്റെ ചില്ല് കോൺഗ്രസ് പ്രവർത്തകർ അടിച്ചു തകർക്കുകയും ചെയ്തിരുന്നു.