കൊച്ചി: കളമശേരി എസ്. ഐയെ സി.പി.എം നേതാവ് ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി. ഇരുവരും തമ്മിലുള്ള ഫോണ്‍ സംഭാഷണം പുറത്തുവരികയും, ഹൈക്കോടതി ഇടപെടുകയും ചെയ്ത സാഹചര്യത്തിലാണ് നടപടി. കൊച്ചി ഡി.സി.പി ജി. പൂങ്കുഴലിക്കാണ് വകുപ്പ് തല അന്വേഷണത്തിന്റെ ചുമതല. ഫോണ്‍ സംഭാഷണം സമൂഹ മാധ്യമങ്ങൾ വഴി പ്രചരിപ്പിച്ചതടക്കമുള്ള കാര്യങ്ങളാണ് അന്വേഷിക്കുന്നത്.
സംഭവത്തില്‍ സംസ്ഥാന സര്‍ക്കാരിനോട് ഹൈക്കോടതി വിശദീകരണം തേടിയിരുന്നു. പൊലീസുകാരന്‍റെ കൃത്യനിര്‍വഹണത്തില്‍ രാഷ്ട്രീയക്കാര്‍ ഇടപെടുന്നത് എങ്ങനെയെന്നായിരുന്നു കോടതിയുടെ ചോദ്യം. എസ്.ഐയെ ഭീഷണിപ്പെടുത്തിയിട്ടില്ലെന്നും അമൃത് രങ്കനാണ് അപമര്യാദയായി പെരുമാറുകയും പരാതിക്കാരന്‍റെ ഫോണ്‍ സംഭാഷണം റെക്കോര്‍ഡ് ചെയ്ത് പ്രചരിപ്പിച്ചതെന്നുമാണ് സക്കീര്‍ ഹുസൈന്‍റെ വാദം. തനിക്കെതിരെ ഉയർന്ന ആരോപണം പാർട്ടി അന്വേഷിക്കുമെന്നും സക്കീർ വ്യക്തമാക്കി. എസ്.ഐക്ക് വീഴ്ച സംഭവിച്ചുവെന്ന് കണ്ടെത്തിയാൽ വകുപ്പ് തലനടപടികൾ ഉണ്ടാകാനാണ് സാധ്യത.