എറണാകുളം: കൊച്ചിയിൽ 12.5കിലോ കഞ്ചാവുമായി രണ്ട് പേര്‍ പിടിയില്‍. പാലാരിവട്ടം സ്വദേശി ശ്രീക്കുട്ടൻ , തിരുവല്ല സ്വദേശി അജിത്ത് അനിൽ എന്നിവരാണ് പിടിയിലായത്. കൊച്ചി സിറ്റി ഡാൻസാഫും പാലാരിവട്ടം പൊലീസും നടത്തിയ പരിശോധനയിലാണ് അഞ്ചുമനയിൽ നിന്നും ഇവരെ പിടികൂടിയത്. ഇരുവരും ചേർന്ന് ആന്ധ്രയിൽ നിന്ന് ട്രെയിൻ മാർഗമാണ് കൊച്ചിയിൽ കഞ്ചാവ് എത്തിക്കുന്നത്. കിലോഗ്രാമിന് 600 രൂപ വിലയിൽ വാങ്ങുന്ന കഞ്ചാവ് മൊത്തമായും, ചെറിയ പാക്കറ്റുകളാക്കിയും വില്‍പന നടത്തിവരികയായിരുന്നു.
പിടിയിലായ ശ്രീക്കുട്ടൻ ഗോവയിൽ വച്ച് കഞ്ചാവ്, മയക്കു മരുന്ന് മാഫിയകളുമായി ബന്ധം സ്ഥാപിച്ചാണ് ആന്ധ്രയിൽ നിന്നും ഒഡീഷയിൽ നിന്നും വൻതോതിൽ കഞ്ചാവ് കേരളത്തിൽ എത്തിച്ചിരുന്നത്. പാലാരിവട്ടത്ത് ഒരു സ്ഥാപനത്തിൽ മാനേജരായി ജോലി ചെയ്യുന്നതിനിടയിൽ സംശയം തോന്നാത്ത രീതിയിലായിരുന്നു കച്ചവടം. ഫോണിൽ ബന്ധപ്പെടുന്നവര്‍ക്ക് മുൻകൂട്ടി നിശ്ചയിക്കുന്ന രഹസ്യതാവളങ്ങളിൽ വച്ചാണ് കഞ്ചാവ് കൈമാറിയിരുന്നത്. ബൈക്കുകളിൽ അതിവേഗം ഇടറോഡുകളിലൂടെ പാഞ്ഞു പോകുന്ന ഇവരെ പൊലീസ് നിരീക്ഷിച്ച് വരികയായിരുന്നു.