പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിയെ രക്ഷപ്പെടുത്താൻ ശ്രമിച്ച മൂന്ന് സഹോദരങ്ങളുടെയും അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. ഇമാമിനെ ഒളിവിൽ കഴിയാനും രക്ഷപ്പെടാനും സഹായിച്ച സഹോദരങ്ങളായ അൽ അമീൻ, അൻസാരി, ഷാജി എന്നിവരെ കൊച്ചിയിൽ നിന്ന് കസ്റ്റഡിയിലെടുത്ത പൊലീസ് നെടുമങ്ങാട് എത്തിച്ച് ചോദ്യം ചെയ്യുകയാണ്. ഇവർ നൽകിയ വിവരങ്ങളനുസരിച്ച് പല സ്ഥലങ്ങളിൽ പരിശോധന നടത്തിയെങ്കിലും ഇമാം ഷെഫീഖ് അൽ ഖാസിമിയെ കണ്ടത്താൻ പൊലീസിന് കഴിഞ്ഞിട്ടില്ല. കസ്റ്റഡിയിലെടുത്തവരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തുമെന്ന് നെടുമങ്ങാട് ഡിവൈഎസ്പി പി അശോകൻ പറഞ്ഞു.
അതേസമയം കൊച്ചിയിൽ ഒളിവിൽ കഴിയുന്നതിനിടെ ഇമാമിന് തൊളിക്കോടുള്ള രണ്ട് എസ്ഡിപിഐ പ്രവർത്തകർ രണ്ട് ലക്ഷം രൂപ കൈമാറിയെന്ന വിവരം പൊലീസിന് ലഭിച്ചു. അൽ അമീനിന്റെ മൊഴിയിൽ നിന്നാണ് രണ്ട് പേരെ കുറിച്ച് സൂചന കിട്ടിയത്. ഇവരെ കുറിച്ച് പൊലീസ് അന്വേഷണം തുടങ്ങി.