എറണാകുളം : പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കൊച്ചിയില്‍. രണ്ട് ദിവസത്തെ കേരള സന്ദര്‍ശനത്തിനായാണ് പ്രധാനമന്ത്രി കൊച്ചിയിലെത്തുന്നത്. ഒരു മാസത്തിനിടെ ഇത് രണ്ടാം തവണയാണ് മോദി കേരളത്തിലേക്ക് വരുന്നത് (PM Modi Kerala Visit). വൈകുന്നേരം ആറിന് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തുന്ന പ്രധാനമന്ത്രി അവിടെ നിന്നും ഹെലികോപ്റ്റര്‍ മാർഗം കൊച്ചിയിൽ ദക്ഷിണ നാവിക ആസ്ഥാനത്തേക്ക് തിരിക്കും. തുടര്‍ന്ന് റോഡ് മാര്‍ഗം കെപിസിസി ജങ്‌ഷനില്‍ എത്തും. പ്രധാനമന്ത്രിയുടെ റോഡ് ഷോയാണ് ഇന്നത്തെ പ്രധാന പരിപാടി.
മഹാരാജാസ് കോളജ് ഗ്രൗണ്ടിൽ നിന്നും ഗസ്റ്റ് ഹൗസ് വരെയാണ് റോഡ് ഷോ നടത്തുന്നത്. ഒരു കിലോമീറ്ററാണ് റോഡ് ഷോ ക്രമീകരിച്ചിരിക്കുന്നത്. അര ലക്ഷം പേരെ റോഡ് ഷോയിൽ അണിനിരത്താനാണ് ബിജെപിയുടെ ലക്ഷ്യം (Narendra Modi Road Show At Ernakulam).
വൈകുന്നേരം 6:30ന് മഹാരാജാസ് കോളജ് ഗ്രൗണ്ടിന് മുന്നിൽ നിന്നും ആരംഭിച്ച് ഹോസ്‌പിറ്റൽ റോഡ് വഴി മഹാരാജാസ് കോളജ്, കൊച്ചി കോർപറേഷൻ, ലോ കോളജ് എന്നിവയ്ക്ക് മുന്നിലൂടെയാണ് റോഡ് ഷോ കടന്നുപോവുക. ശേഷം ഗസ്റ്റ് ഹൗസിലാണ് പ്രധാനമന്ത്രി ഇന്ന് തങ്ങുന്നത്.
തുടര്‍ന്ന് നാളെ രാവിലെ ഗുരുവായൂരിലേക്ക് യാത്ര തിരിക്കും. സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിൽ പങ്കെടുത്തശേഷം തൃപ്രയാർ ക്ഷേത്രം സന്ദർശിച്ച് പന്ത്രണ്ട് മണിയോടെ കൊച്ചിയിൽ തിരിച്ചെത്തും. തുടർന്ന് മറൈൻഡ്രൈവിൽ ബിജെപി ശക്തികേന്ദ്ര ഇൻ ചാർജുമാരുടെ സമ്മേളനത്തിലും പ്രധാനമന്ത്രി പങ്കെടുക്കും.
കൊച്ചിന്‍ ഷിപ്പ് യാര്‍ഡില്‍ വിവിധ പദ്ധതികളുടെ ഉദ്ഘാടനവും പ്രധാനമന്ത്രി നിര്‍വഹിക്കും. തൃശ്ശൂരിന് പിന്നാലെ കൊച്ചിയിലും പ്രധാനമന്ത്രിയുടെ റോഡ് ഷോ സംഘടിപ്പിച്ച് പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പിന് മുന്‍പ് കേരളത്തില്‍ അനുകൂല രാഷ്‌ട്രീയ സാഹചര്യം സൃഷ്‌ടിച്ചെടുക്കുകയാണ് ബിജെപിയുടെ ലക്ഷ്യം. വരുന്ന ലോക്‌സഭ തെരഞ്ഞെടുപ്പില്‍ എറണാകുളം മണ്ഡലത്തില്‍ അനില്‍ ആന്‍റണിക്കാണ് പാര്‍ട്ടി പ്രഥമ പരിഗണന നല്‍കുന്നതെന്നാണ് സൂചന.
പ്രധാനമന്ത്രിയുടെ കൊച്ചിയിലെ റോഡ് ഷോ അനിൽ ആന്‍റണിയുടെ തെരഞ്ഞെടുപ്പ് പ്രാചാരണത്തിന്‍റെ തുടക്കമായി മാറാനാണ് സാധ്യത. രണ്ട് ദിവസത്തെ സന്ദർശനം പൂർത്തിയാക്കി നാളെ ഉച്ചയ്ക്ക് ശേഷമാണ് പ്രധാനമന്ത്രി കൊച്ചിയിൽ നിന്നും ഡൽഹിയിലേക്ക് മടങ്ങുക. പ്രധാനമന്ത്രിയുടെ സന്ദർശനത്തിന്‍റെ സാഹചര്യത്തിൽ കൊച്ചിയിൽ കനത്ത സുരക്ഷാസംവിധാനമാണ് ഏർപ്പെടുത്തിയിരിക്കുന്നത്.
Also Read : കേന്ദ്ര സര്‍ക്കാര്‍ അവഗണന : സമരം ഡല്‍ഹിയിലേക്ക് വ്യാപിപ്പിക്കാന്‍ എല്‍ഡിഎഫ്, ഇന്ന് മുന്നണി യോഗം
രണ്ട് ദിവസം കൊച്ചി നഗരം പൂർണമായും പൊലീസ് നിയന്ത്രണത്തിലായിരിക്കും. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണി മുതൽ നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും. നാളെയും നഗരത്തിൽ ഗതാഗത നിയന്ത്രണം തുടരും.