എറണാകുളം : രണ്ട് ദിവസത്തെ കേരള സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കൊച്ചിയിൽ എത്തും. പ്രധാനമന്ത്രിയുടെ കേരള സന്ദർശനത്തോടനുബന്ധിച്ച് കൊച്ചിയിലും തിരുവനന്തപുരത്തും പഴുതടച്ച സുരക്ഷാക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. വൈകിട്ട് അഞ്ച് മണിയോടെ പ്രത്യേക വിമാനത്തിൽ നാവികസേന വിമാനത്താവളത്തിൽ വന്നിറങ്ങുന്ന അദ്ദേഹം തേവര സേക്രഡ്ഹാർട്ട് കോളജിലേക്ക് പോകും.
പെരുമാന്നൂർ ജങ്‌ഷന്‍ മുതൽ കോളജ് വരെ റോഡ്‌ഷോയായാണ് യാത്ര. 1.8 കിലോമീറ്റര്‍ റോഡ്ഷോയായി പിന്നിടും. കോളജ് ഗ്രൗണ്ടിലാണ് യുവം-23 പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.
ഇതിന് ശേഷം വില്ലിങ്‌ടണ്‍ ദ്വീപിലെ താജ് മലബാര്‍ ഹോട്ടലിലേക്ക് പോകും. ഇവിടെ പത്ത്, ക്രൈസ്‌തവ മതാധ്യക്ഷന്‍മാരുമായി പ്രധാനമന്ത്രി കൂടിക്കാഴ്‌ച നടത്തും. ഈ ഹോട്ടലില്‍ തന്നെയാണ് പ്രധാനമന്ത്രിയുടെ താമസം ഒരുക്കിയിരിക്കുന്നത്.
വന്ദേ ഭാരത് എക്‌പ്രസ് ട്രെയിന്‍ ഫ്ലാഗ് ഓഫ് ചെയ്യുന്നതിനായി നാളെ രാവിലെ 9.25ന് പ്രധാനമന്ത്രി കൊച്ചിയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് തിരിക്കും. 10.30ന് തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനിലാണ് വന്ദേ ഭാരതിന്‍റെ ഫ്ലാഗ് ഓഫ് കര്‍മം. പരിപാടിയുടെ ഭാഗമായി 10.50 വരെ പ്രധാനമന്ത്രി തിരുവനന്തപുരം റെയില്‍വേ സ്റ്റേഷനില്‍ ഉണ്ടാകും. അതേസമയം വന്ദേ ഭാരതില്‍ പ്രധാനമന്ത്രി യാത്ര ചെയ്യില്ല.
ഇതിന് ശേഷം 11 മണിക്ക് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന പരിപാടിയില്‍ പ്രധാനമന്ത്രി മോദി പങ്കെടുക്കും. കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനത്ത് നടപ്പാക്കുന്ന 3200 കോടി രൂപയുടെ വികസന പദ്ധതികളുടെ സമര്‍പ്പണവും തറക്കല്ലിടലുമാണ് സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടക്കുക. കൊച്ചി വാട്ടര്‍ മെട്രോ, ഡിജിറ്റല്‍ സര്‍വകലാശാല തുടങ്ങി നിരവധി പദ്ധതികളാണ് പ്രധാനമന്ത്രി നാളെ ഉദ്‌ഘാടനം ചെയ്യുന്നത്.