എറണാകുളം: ആൺകുട്ടികളുടെ ചേലാകർമം നിയമവിരുദ്ധമായി പ്രഖ്യാപിക്കണം എന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ പൊതു താത്പര്യ ഹർജി. മതരഹിതരുടെ സംഘടനയായ നോൺ റിലീജിയസ് സിറ്റിസൺസ് ആണ് ഹർജിയുമായി ഹൈക്കോടതിയെ സമീപിച്ചത്. 18 വയസിന് താഴെ പ്രായമുള്ള കുട്ടികളുടെ ചേലാകർമം അനുവദിക്കരുതെന്നാണ് ഹർജിയിലെ പ്രധാന ആവശ്യം.
മാതാപിതാക്കളുടെ അന്ധമായ മതവിശ്വാസങ്ങൾ കുട്ടികളുടെ മേൽ അടിച്ചേൽപ്പിക്കലാണ് ഇതെന്ന് ഹർജിയിൽ ആരോപിക്കുന്നു. ചേലാകർമം യുക്തിപരമല്ലെന്നും നിയമവിരുദ്ധമാണെന്നും ഹർജിക്കാർ പറയുന്നു. ഇത്തരം നടപടികൾ കുട്ടികൾക്ക് നേരെയുള്ള ആക്രമണം ആണെന്നും അന്താരാഷ്‌ട്ര നിയമങ്ങളുടെ ലംഘനമാണെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നുണ്ട്.
ചേലാകര്‍മം മാനസികാഘാതം ഉള്‍പ്പെടെയുള്ള ആരോഗ്യ പ്രശ്‌നങ്ങളിലേക്ക് കുട്ടിയെ തള്ളിവിടുമെന്നും ഹര്‍ജിയില്‍ പറയുന്നു. ചേലാകര്‍മ സമ്പ്രദായം മൂലം രാജ്യത്ത് നിരവധി ശിശുമരണങ്ങൾ നടന്നിട്ടുണ്ടെന്നും ഈ ആചാരം ക്രൂരവും മനുഷ്യത്വ രഹിതവും പ്രാകൃതവുമാണെന്നും ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 21 പ്രകാരമുള്ള ജീവിക്കാനുള്ള അവകാശം ലംഘിക്കുന്നതാണെന്നും ഹർജിയിൽ ആരോപണമുണ്ട്. ഇത്തരം നടപടികൾ തടയപ്പെടേണ്ടതുണ്ടെന്നും ഹർജിയിൽ പറയുന്നു.
ഹർജി ചീഫ് ജസ്റ്റിസ് ഉൾപ്പെടുന്ന ഡിവിഷൻ ബെഞ്ച് അടുത്ത ആഴ്‌ച പരിഗണിക്കും. ചേലാകര്‍മം നിരോധിച്ചു കൊണ്ടുള്ള നിയനിര്‍മാണത്തിന് കേന്ദ്ര സര്‍ക്കാര്‍ തയാറാകണമെന്നും നോൺ റിലീജിയസ് സിറ്റിസൺസ് ആവശ്യപ്പെടുന്നുണ്ട്.