എറണാകുളം: കോതമംഗലം താലൂക്കിനെ പ്ലാസ്റ്റിക്കില്‍ നിന്ന് മോചിപ്പിക്കാന്‍ വിവിധ പദ്ധതികള്‍. കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ സഹകരണത്തോടെ കോതമംഗലം എംഎ കോളജും നഗരസഭയും സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്. കോതമംഗലത്തെ മാതൃക താലൂക്കായി മാറ്റുക എന്ന ലക്ഷ്യത്തോടെയാണ് പ്രവര്‍ത്തനം. ഇതിന്‍റെ ഭാഗമായി താലൂക്കിനെ പ്ലാസ്റ്റിക് വിമുക്തമാക്കുക എന്നതാണ് ആദ്യ പടി. 10,000 തുണി സഞ്ചികളും പേപ്പർ ബാഗുകളും ചടങ്ങിൽ വിതരണം ചെയ്തു. പദ്ധതികളുടെ ആദ്യഘട്ട പ്രവർത്തനത്തിന്‍റെ ഉദ്ഘാടനം ബിനോയ് വിശ്വം എംപി നിർവഹിച്ചു.
പ്ലാസ്റ്റിക് കൂടുകൾ പൂർണമായി ഒഴിവാക്കി പരിസ്ഥിതിക്കിണങ്ങുന്ന 10,000 തുണിസഞ്ചികളാണ് എംഎ കോളജ് അസോസിയേഷന്‍റെ നേതൃത്വത്തിൽ നിർമിച്ചത്. തുണിസഞ്ചികളുടെയും കടലാസ് കൂടുകളുടെയും നിർമാണച്ചുമതല അധ്യാപകരുടെ മേൽനോട്ടത്തിൽ വിദ്യാർഥികൾ തന്നെ ഏറ്റെടുക്കുകയായിരുന്നു. തുണി ആവശ്യമായ അളവിൽ മുറിച്ചെടുത്ത് സഞ്ചി രൂപത്തിൽ തുന്നി അതിൽ സ്ക്രീൻ പ്രിന്‍റ് ചെയ്താണ് മനോഹരമായ സഞ്ചികൾ നിർമിച്ചെടുത്തത്. കോതമംഗലം താലൂക്കിലെ എല്ലാ പഞ്ചായത്തുകളിലെയും വീടുകളിൽ തുണിസഞ്ചികളും താലൂക്കിലെ മുഴുവൻ കടകളിലും കടലാസ് കൂടുകളും എത്തിക്കാനാണ് അസോസിയേഷൻ ലക്ഷ്യമിടുന്നത്. സമ്പൂർണ ശുചിത്വം, ജൈവ - പച്ചക്കറി കൃഷി പ്രോത്സാഹനം, മാലിന്യ നിർമാർജനം, ഭക്ഷ്യ- ജലസുരക്ഷ, സാക്ഷരത തുടങ്ങി നിരവധി പദ്ധതികളാണ് വിവിധ ഘട്ടങ്ങളിലായി നടപ്പാക്കുന്നത്.