എറണാകുളം: നിരോധിത സംഘടന പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ സ്വത്ത് കണ്ടുകെട്ടൽ നടപടികൾ വൈകിക്കുന്നതിൽ സർക്കാരിന് ഹൈക്കോടതിയുടെ അന്ത്യശാസനം. പോപ്പുലർ ഫ്രണ്ട് മിന്നൽ ഹർത്താലിനിടെ നടന്ന ആക്രമണങ്ങളുമായി ബന്ധപ്പെട്ട് നേതാക്കളുടെ സ്വത്ത് കണ്ടുകെട്ടൽ നടപടികൾ വൈകിപ്പിക്കുന്നതിൽ അതൃപ്‌തി രേഖപ്പെടുത്തിക്കൊണ്ടായിരുന്നു ഹൈക്കോടതി സർക്കാരിന് അന്ത്യശാസനം നൽകിയത്.
ഉടൻ തന്നെ ജപ്‌തി നടപടികൾ പൂർത്തീകരിച്ച് 2023 ജനുവരി 23 നകം റിപ്പോർട്ട് സമർപ്പിക്കണം. ജപ്‌തി നടപടികൾക്ക് നോട്ടീസ് നൽകേണ്ടതില്ലെന്നും ജസ്‌റ്റിസുമാരായ എകെ ജയശങ്കരൻ നമ്പ്യാർ, സിപി മുഹമ്മദ് നിയാസ് എന്നിവരുൾപ്പെട്ട ഡിവിഷൻ ബഞ്ച് വ്യക്തമാക്കി. ജില്ല അടിസ്ഥാനത്തിൽ ഏതൊക്കെ നേതാക്കളുടെ സ്വത്തുക്കൾ കണ്ടുകെട്ടി എന്നുള്ള റിപ്പോർട്ടാണ് സർക്കാർ സമർപ്പിക്കേണ്ടതെന്നും കോടതി ഓർമിപ്പിച്ചു.
ഈ മാസം 15 നകം ജപ്‌തി നടപടികൾ പൂർത്തീകരിക്കുമെന്നായിരുന്നു കഴിഞ്ഞ മാസം ആഭ്യന്തര സെക്രട്ടറി കോടതിയിൽ നേരിട്ട് ഹാജരായി ഉറപ്പ് നൽകിയത്. എന്നാൽ സമയപരിധി കഴിഞ്ഞിട്ടും നടപടികൾ പൂർത്തിയാക്കാത്തതിനെ കോടതി കടുത്ത ഭാഷയിൽ വിമർശിക്കുകയായിരുന്നു. നടപടികൾ പുരോഗമിക്കുന്നുണ്ടെന്നും എന്നാൽ ജപ്‌തി നോട്ടീസ് നൽകണമോ എന്ന കാര്യത്തിൽ വ്യക്തത വേണമെന്നായിരുന്നു സർക്കരിന്‍റെ നിലപാട്.
മിന്നൽ ഹർത്താലാക്രമണത്തിൽ പിഎഫ്ഐ യിൽ നിന്നും സംഘടനാ ഭാരവാഹികളിൽ നിന്നും 5. 2 കോടി രൂപ നഷ്‌ടപരിഹാരം ഈടാക്കാനും, തുക കെട്ടിവയ്ക്കാത്ത പക്ഷം അബ്‌ദുൾ സത്താറിന്‍റെയടക്കം സ്വത്തുവകകൾ കണ്ടുകെട്ടാനുമായിരുന്നു 2022 സെപ്റ്റംബർ 29 ലെ ഇടക്കാല ഉത്തരവ്.