എറണാകുളം: നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ടിന്‍റെ ഹര്‍ത്താലിനിടെയുണ്ടായ ആക്രമണങ്ങളെ തുടര്‍ന്ന് സംഘടന ഭാരവാഹികളില്‍ നിന്ന് ഈടാക്കാനിരിക്കുന്ന നഷ്‌ടപരിഹാര തുകയില്‍ ഇളവ് അനുവദിക്കണമെന്ന പോപ്പുലര്‍ ഫ്രണ്ട് നേതാവ് അബ്‌ദുല്‍ സത്താറിന്‍റെ ആവശ്യം ഹൈക്കോടതി തള്ളി. പിഎഫ്‌ഐയുടെ ഹര്‍ത്താലിനിടെയുണ്ടായ ആക്രമണങ്ങളെ തുടര്‍ന്ന് 5.2 കോടി രൂപ നഷ്‌ടപരിഹാരം ഈടാക്കാനായിരുന്നു കോടതി ഉത്തരവ്. വിഷയത്തില്‍ ഇളവ് അനുവദിക്കാനാകില്ലെന്ന് വ്യക്തമാക്കിയ കോടതി സ്വത്തുക്കൾ കണ്ടുകെട്ടുന്നതിന്‍റെ നടപടി റിപ്പോർട്ട് സമർപ്പിക്കണമെന്ന് സര്‍ക്കാറിനോട് ആവശ്യപ്പെട്ടു.
സെപ്‌റ്റംബര്‍ 29നാണ് കോടതി ഇത് സംബന്ധിച്ച് ഇടക്കാല ഉത്തരവിട്ടത്. ആക്രമണങ്ങളില്‍ കെഎസ്‌ആര്‍ടിസിക്ക് അടക്കമുണ്ടായ നഷ്‌ടം വിലയിരുത്തിയാണ് കോടതി തുക നിശ്ചയിച്ചത്. ഹര്‍ത്താല്‍ ആക്രമണങ്ങളില്‍ സ്വമേധയ ഇടപെട്ട ഡിവിഷന്‍ ബഞ്ച് അബ്‌ദുല്‍ സത്താറിനെതിരെ കോടതിയലക്ഷ്യ കേസ് എടുക്കുകയായിരുന്നു.
ആക്രമണങ്ങളെ തുടര്‍ന്ന് സര്‍ക്കാറിനുണ്ടായ നാശനഷ്‌ടങ്ങളുടെ കണക്ക് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. അതില്‍ കെഎസ്‌ആര്‍ടിസിക്ക് മാത്രം 86 ലക്ഷം രൂപയുടെ നാശ നഷ്‌ടമുണ്ടായിട്ടുണ്ടെന്നാണ് സര്‍ക്കാര്‍ കണക്ക്. മുഴുവൻ നഷ്‌ടങ്ങളും കണക്കാക്കി സത്യവാങ്മൂലം നൽകാൻ സർക്കാറിന് ഹൈക്കോടതി നിർദേശം നൽകിയിട്ടുണ്ട്.
വിഷയത്തില്‍ പിഎഫ്‌ഐ നേതാക്കളുടെ സ്വത്ത് വകകള്‍ കണ്ടുകെട്ടുന്നതിന്‍റെ നടപടി റിപ്പോര്‍ട്ടും സമര്‍പ്പിക്കാന്‍ കോടതി നിര്‍ദേശിച്ചു. ഇതുമായി ബന്ധപ്പെട്ട കേസ് മൂന്ന് ആഴ്‌ചകള്‍ക്ക് ശേഷം ഹൈക്കോടതി വീണ്ടും പരിഗണിക്കും.