എറണാകുളം : ഇടുക്കി എയർ സ്ട്രിപ്പിനെതിരായ പൊതു താൽപര്യ ഹർജിയിൽ ഹൈക്കോടതി കേന്ദ്ര സർക്കാരിനോട് വിശദീകരണം തേടി. മതിയായ അനുമതികൾ ഇല്ലാതെയാണ് എയർ സ്ട്രിപ്പ് നിർമ്മിക്കുന്നതെന്നും പദ്ധതി തടയണമെന്നുമാണ് ഹർജിയിൽ ആവശ്യപ്പെടുന്നത്. ഇതിൽ കേന്ദ്ര സർക്കാരിനോട് ഈ മാസം 21 ന് മുൻപായി വിശദീകരണം നൽകാനാണ് ഹൈക്കോടതി ഉത്തരവിട്ടിരിക്കുന്നത്.
ഇടുക്കി സത്രത്തിലാണ് എൻസിസി കേഡറ്റുകളുടെ പരിശീലനത്തിനായി 650 മീറ്റർ ദൈർഘ്യമുള്ള എയർസ്ട്രിപ്പ് സ്ഥാപിച്ചത്. ചെറുവിമാനങ്ങൾ പറത്തുന്നതിനുള്ള പരിശീലനം നൽകാനായിട്ടണ് എയർസ്ട്രിപ്പ്. ഇതോടൊപ്പം 200 വിദ്യാർഥികൾക്ക് താമസിച്ച് പരിശീലനം നൽകുന്നതിനുളള ട്രെയിനിങ് സെന്‍ററും നിർമിക്കുന്നു.
ഇവിടെ ചെറു വിമാനങ്ങൾ ഇറക്കാനാവുമെന്നാണ് വിശദീകരണം. നേരത്തേ സർക്കാർ എൻസിസിക്ക് വിട്ടുനൽകിയ ഭൂമി സംബന്ധിച്ച് വനം വകുപ്പ് വിമർശനം ഉയര്‍ത്തിയിരുന്നു. നിർമാണ പ്രവർത്തനങ്ങൾ വൈകാനും ഇടയായിരുന്നു. ഇപ്പോള്‍ നിര്‍മാണ പ്രവർത്തനങ്ങൾ അവസാന ഘട്ടത്തിലിരിക്കെയാണ് പദ്ധതിക്കെതിരെ കോടതിയിൽ ഹർജിയെത്തിയത്.