എറണാകുളം: കേരളത്തിലെ പക്ഷി ശാസ്‌ത്രത്തിന്‍റെ കളിത്തൊട്ടിലും പക്ഷികളുടെ പറുദീസയുമാണ് തട്ടേക്കാട്. കാനന ഭംഗി കൊണ്ടും പെരിയാറിന്‍റെ നയന മനോഹാരിത കൊണ്ടും സഞ്ചാരികളുടെ ഇഷ്‌ട കേന്ദ്രമാണിവിടം. 1983 ഓഗസ്റ്റ് 27ന് നിലവിൽ വന്ന പക്ഷിസങ്കേതമാണ് തട്ടേക്കാട് സ്ഥിതി ചെയ്യുന്ന ഡോ. സലിം അലി പക്ഷിസങ്കേതം. തെക്കേ ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ പക്ഷി നിബിഡമായ പ്രദേശമാണ് പശ്ചിമ ഘട്ടത്തിലെ ആനമുടിയുടെ മടിത്തട്ടില്‍ കിടക്കുന്ന തട്ടേക്കാട്.
പലതരം ദേശാടനപക്ഷികളും ഇവിടെ എത്താറുണ്ട്. പ്രശസ്‌ത ഇന്ത്യൻ പക്ഷിശാസ്‌ത്രജ്ഞനായ ഡോ. സലിം അലി പക്ഷിനിരീക്ഷണത്തിനായി പലതവണ ഇവിടെ എത്തിയിരുന്നു. 1933ൽ തിരുവിതാംകൂർ മഹാരാജാവിന്‍റെ ക്ഷണം സ്വീകരിച്ച്, തിരുവിതാകൂർ - കൊച്ചിയിലെ പക്ഷി ശാസ്‌ത്ര പഠനത്തിന് വേണ്ടിയാണ് ഡോ. സലിം അലി ആദ്യമായി തട്ടേക്കാട് എത്തിയത്. 1950കളിൽ തന്നെ ഇവിടം ഒരു പക്ഷിസങ്കേതമാക്കണമെന്ന് അദ്ദേഹം ശുപാർശ ചെയ്‌തിരുന്നു. 1970കളിൽ സലിം അലി നടത്തിയ സർവേയ്ക്ക് ശേഷമാണ് പക്ഷിസങ്കേതമാക്കാനുള്ള പ്രവർത്തനങ്ങൾ ദ്രുതഗതിയിലായത്. അദ്ദേഹത്തോടുള്ള ബഹുമാനാർഥമാണ് ഈ പക്ഷിസങ്കേതത്തിന് ഡോ. സലിം അലി പക്ഷിസങ്കേതം എന്ന പേര് നൽകിയത്.
അദ്ദേഹത്തോടുള്ള ആദരസൂചകമായി തട്ടേക്കാട്ട് ഒരു സ്‌മാരകം വേണമെന്ന് ഡോ. സലിം അലിയുടെ ശിഷ്യനും പ്രമുഖ പക്ഷി നിരീക്ഷകനും സംസ്ഥാന പക്ഷി നിരീക്ഷണ സെല്ലിന്‍റെ ചുമതലക്കാരനുമായ ഡോ. ആർ സുഗതൻ അഭിപ്രായപ്പെട്ടു. നിലവിൽ ദേശാടന പക്ഷികൾ ഉൾപ്പെടെ ആയിരക്കണക്കിന് ഇനത്തിലുള്ള പക്ഷികൾ ഇവിടെ ഉണ്ടെന്നാണ് കരുതുന്നത്. ഏറ്റവും കൂടുതൽ ഇനം പക്ഷികളെയും ഏറ്റവും കൂടുതൽ പക്ഷികളെയും കണ്ട പ്രദേശം തട്ടേക്കാടാണെന്ന് ഡോ. സലിം അലി തന്നെ തിരുവിതാംകൂർ - കൊച്ചി പക്ഷി പഠന റിപ്പോർട്ടിൽ എഴുതിയിട്ടുണ്ട്.
എറണാകുളം ജില്ലയുടെ കിഴക്കൻ പ്രദേശത്തും ഇടുക്കിയുടെ പടിഞ്ഞാറൻ പ്രദേശത്തുമായാണ് ഈ സങ്കേതം നിലകൊള്ളുന്നത്. തട്ടേക്കാടിന്‍റെ കിഴക്ക്-വടക്കുകിഴക്ക് ഭാഗങ്ങളിൽ കുട്ടമ്പുഴയും തെക്ക്- തെക്കുകിഴക്ക് ഭാഗങ്ങളിൽ മലയാറ്റൂർ സംരക്ഷിത വനങ്ങളും വടക്ക് ഇടമലയാറും പടിഞ്ഞാറും തെക്കുപടിഞ്ഞാറും പെരിയാറുമാണ്. ഇടമലയാർ പെരിയാറിൽ ചേരുന്നത് തട്ടേക്കാട് പ്രദേശത്ത് വെച്ചാണ്. സമുദ്രനിരപ്പിൽ നിന്നുള്ള ഉയരം 35 മീറ്റർ മുതൽ 523 മീറ്റർ വരെ വ്യത്യാസപ്പെട്ടിരിക്കുന്നു. സലിം അലി പഠിക്കാൻ താമസിച്ചിരുന്ന പഴയ കെട്ടിടം നാമാവശേഷമായി കിടക്കുകയാണെന്നും അത് പുതുക്കി പണിത് ഒരു സ്‌മാരകമായി മാറ്റണമെന്നും ഡോ. സുഗതൻ അഭിപ്രായപ്പെട്ടു.