എറണാകുളം: കോതമംഗലത്ത് പൂയംകുട്ടി വനമേഖലയിലെ മേഡ്‌നാ, പാറക്കുടി, മാമലക്കണ്ടം, ചാമപ്പാറ തുടങ്ങിയ ആദിവാസി ഊരുകളിലെ കുട്ടികൾക്കായി ഗോത്രഗാഥ (തനതു ഗാനങ്ങളുടെ അവതരണം) സംഘടിപ്പിച്ചു. മുവാറ്റുപുഴ പെഴയ്ക്കാപ്പിള്ളിയിൽ പ്രവർത്തിക്കുന്ന മീരാസ് ഡിജിറ്റൽ ലൈബ്രറിയും പരിസ്ഥിതി സംഘടനയായ ഗ്രീൻ പീപ്പിളും ചേർന്നാണ് ഗോത്ര ഗാഥ സംഘടിപ്പിച്ചത്. മുൻ പത്തനംതിട്ട ജില്ലാ കലക്ടറും ഇപ്പോഴത്തെ അഡീഷണൽ ചീഫ് എലക്ഷൻ ഓഫീസറുമായ പി.ബി നൂഹ് ഊരിലെ ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു.
ഗ്രീൻ പീപ്പിളും മീരാസ് ലൈബ്രറിയും ചേർന്ന് ഒരു മാസം മുമ്പ് ഇതേ ഊരിൽ സംഘടിപ്പിച്ച വർണ യാത്രയുടെ രണ്ടാം ഘട്ടമായാണ് ഊരിലെ കുട്ടികൾക്ക് ഗോത്ര ഗാഥ സംഘടിപ്പിച്ചത്. കുട്ടികൾക്ക് ഭക്ഷണം വിളമ്പിയും അവരുടെ കലാ പരിപാടികളിൽ ഒപ്പം ചേർന്നും പിബി നൂഹ് ഐഎ എസിന്‍റെ സാന്നിധ്യം കുട്ടികൾക്കും ഊരു നിവാസികൾക്കും ആഹ്ലാദമായി.