എറണാകുളം: കൊച്ചി-ധനുഷ്‌ക്കോടി ദേശീയപാതയുടെ ഭാഗമായുള്ള കോതമംഗലം നഗരത്തിലെ കോഴിപ്പിള്ളി പാർക്ക് ജങ്ഷനിലെ പാലം തകർന്നിട്ട് നാളുകളായി. നിരവധി സ്‌കൂളുകളും പൊതുമേഖലാ സ്ഥാപനങ്ങളും മുനിസിപ്പൽ പാർക്കും സ്ഥിതി ചെയ്യുന്ന സ്ഥലത്തേക്ക് നൂറ് കണക്കിന് വഴിയാത്രക്കാർ ഈ പാലത്തിലൂടെയാണ് സഞ്ചരിക്കുന്നത്. ഹൈറേഞ്ച് ഭാഗത്തേക്ക് നിരവധി ടൂറിസ്റ്റുകൾ കടന്ന് പോകുന്ന പ്രധാന പാതയോരത്തെ പാലത്തിന്‍റെ കൈവരികൾ തകർന്നടിഞ്ഞിട്ടും അധികാരികൾക്ക് യാതൊരു കുലുക്കവും ഇല്ലാത്ത അവസ്ഥയാണ്. കോടികൾ മുടക്കിയാണ് ദേശീയപാതയുടെ നവീകരണ പ്രവർത്തനങ്ങൾ നടന്നത്.
നാട്ടുകാരിൽ ചിലർ അപകടം മുന്നിൽ കണ്ട് ഇരുമ്പ് പൈപ്പ് കൊണ്ട് കൈവരി ഉണ്ടാക്കി കയർകൊണ്ട് കെട്ടിയിരിക്കുകയാണ്. വീതി കുറഞ്ഞ പാലത്തിന്‍റെ വീതി വർധിപ്പിക്കുകയോ തകർന്ന കൈവരി നന്നാക്കുകയോ അടിയന്തരമായി ചെയ്യണമെന്നാണ് നാട്ടുകാരുടെ ആവശ്യം. രണ്ട് വാഹനങ്ങൾ ഒരുമിച്ച് കടന്ന് പോകുന്ന സാഹചര്യത്തിൽ കാൽനട യാത്രക്കാരൻ തോട്ടിലേക്ക് പതിച്ച് മരണം വരെ സംഭവിക്കാനുള്ള സാഹചര്യമാണുള്ളതെന്നും അതിനാൽ പാലത്തിന്‍റെ സംരക്ഷണത്തിന് അടിയന്തര നടപടിയുണ്ടാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.