ഇടുക്കി: സിപിഐ ഉടുമ്പൻചോല മണ്ഡലം കമ്മിറ്റിയിലെ മുതിർന്ന നേതാക്കളുടെ വഴിവിട്ട ഇടപാടുകൾക്കെതിരെ ജില്ലാ നേതൃത്വത്തിന് പരാതി നൽകിയ നേതാവിന് വധഭീഷണി. ജീവന് സംരക്ഷണം നൽകണമെന്നാവശ്യപ്പെട്ട് മുൻ വില്ലേജ് ഓഫിസറും സിപിഐ ലോക്കൽ കമ്മിറ്റി അംഗവുമായ നേതാവ് എം.കരുണാകരൻ നായർ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകി.
മുൻ സംസ്ഥാന കൗൺസിൽ അംഗവും ഉടുമ്പൻചോല മണ്ഡലം കമ്മിറ്റി അംഗവുമായ സി.കെ കൃഷ്‌ണൻകുട്ടി, ഉടുമ്പൻചോല മണ്ഡലം സെക്രട്ടറി വി.കെ ധനപാൽ, ഉടുമ്പൻചോല മണ്ഡലം സെക്രട്ടറിയേറ്റ് അംഗം കെ.കെ സജികുമാർ എന്നിവർക്കെതിരെയാണ് പരാതി. സി.പി.ഐ വണ്ടൻമേട് മുൻ ലോക്കൽ കമ്മിറ്റി സെക്രട്ടറി കൂടിയാണ് പരാതിക്കാരനായ എം.കരുണാകരൻ നായർ.
പാർട്ടി പ്രവർത്തകയായ വീട്ടമ്മ നൽകിയ ലൈംഗിക അതിക്രമ പരാതിയിൽ സംസ്ഥാന കൗൺസിൽ നടപടി സ്വീകരിച്ച നേതാവാണ് സി.കെ കൃഷ്‌ണൻകുട്ടി. പാർട്ടിയെ ദുരപയോഗം ചെയ്‌ത് മണ്ഡലം കമ്മിറ്റി നേതാക്കൾ നടത്തുന്ന വഴിവിട്ട ഇടപാടുകൾക്കെതിരെ കരുണാകരൻ നായർ ജില്ലാ സെക്രട്ടറി കെ.കെ ശിവരാമന് പരാതി നൽകിയിരുന്നു. ഇതിനെത്തുടർന്നുള്ള വൈരാഗ്യം മൂലം നേതാക്കൾ തന്‍റെ ജീവന് ഭീഷണി ഉയർത്തുന്നതായും, നീക്കങ്ങളറിയാൻ വീടിന് പരിസരത്ത് ആളുകളെ നിയോഗിച്ചതായും പരാതിയിൽ പറയുന്നു.
ഈ സാഹചര്യത്തിൽ എതിർ കക്ഷികളായ നേതാക്കളിൽ നിന്നും സംരക്ഷണം തേടിയാണ് ജില്ലാ പൊലീസ് മേധാവിക്ക് കരുണാകരൻ പരാതി നൽകിയത്. കരുണാകരൻ നായർ ജില്ലാ സെക്രട്ടറിക്ക് നൽകിയ പരാതിയിൽ ഗുരുതരമായ 18 ആരോപണങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്.
ജോലി വാഗ്‌ദാനം ചെയ്‌തും സിപിഐ നേതാക്കൾ തട്ടിപ്പ് നടത്തുന്നുവെന്ന് എം.കരുണാകരൻ നായർ
പാർട്ടി പ്രവർത്തകന്‍റെ ഭാര്യയെ തട്ടിക്കൊണ്ടുപോയി തടങ്കലിൽ പാർപ്പിച്ചിരിക്കുന്നത് മുതൽ സിപിഐ ഭരിക്കുന്ന വിവിധ വകുപ്പുകളിൽ ജോലി വാഗ്‌ദാനം ചെയ്‌ത് പലരിൽ നിന്നായി ലക്ഷങ്ങൾ തട്ടിയതായുള്ള ആരോപണങ്ങൾ വരെ പരാതിയിലുണ്ട്.
ആരോപണ വിധേയരായ നേതാക്കൾക്കെതിരെ നൽകുന്ന പരാതികൾ ജില്ലാ നേതൃത്വം ചോർത്തി നൽകുന്നതായും, ഇവർ പരാതിക്കാരെ ഭീഷണിപ്പെടുത്തി പരാതി അട്ടിമറിക്കുന്നതായും കരുണാകരൻ ആരോപിക്കുന്നു. മുൻപ് ആരോപണ വിധേയനായ ഒരു നേതാവിനെതിരെ പരാതി നൽകിയ ആൾ പടുതകുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയെന്ന ഗുരുതര ആരോപണവും ജില്ലാ സെക്രട്ടറിക്ക് നൽകിയ പരാതിയിലുണ്ട്.
Also Read: 15 ലക്ഷത്തിലധികം വിലവരുന്ന നിരോധിത മയക്കുമരുന്നുമായി യുവാവ് അറസ്റ്റിൽ
ഈ നേതാക്കൾ എന്ത് അച്ചടക്കലംഘനം കാട്ടിയാലും ജില്ലാ നേതൃത്വം ഇടപെടില്ലെന്നും, ജില്ലാ സെക്രട്ടറിക്ക് ഇവരെ ഭയമാണെന്നും കരുണാകരൻ ആരോപിച്ചു. പാർട്ടിലെ പൊതുജനമധ്യത്തിൽ അപകീർത്തിപ്പെടുത്തുന്ന നേതാക്കൾക്കെതിരെ നടപടി എടുക്കണമെന്നാണ് പരാതിയിൽ കരുണാകരൻ നായർ ആവശ്യപ്പെടുന്നത്.