എറണാകുളം: പന്തീരാങ്കാവ് മാവോയിസ്റ്റ് കേസിലെ പ്രതി വിജിത്ത് വിജയനെതിരെ ഗുരുതര ആരോപണവുമായി എൻഐഎ. കേസിൽ ഒളിവിലുള്ള സിപി ഉസ്‌മാനുമായി നിരവധി തവണ വിജിത് കൂടിക്കാഴ്‌ച നടത്തിയെന്ന് വിചാരണ കോടതിയില്‍ എന്‍ഐഎ സമര്‍പ്പിച്ച റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു.
ഒളിവിലുള്ള മാവോയിസ്റ്റുകൾക്ക് ഭക്ഷണവും വസ്ത്രങ്ങളുമെത്തിക്കുന്നത് വിജിതാണ്. മാവോയിസ്റ്റ് പ്രസിദ്ധീകരണ വിഭാഗത്തിൽ അംഗമാണ് ഇയാളെന്നും മാവോയിസ്റ്റ് സാഹിത്യങ്ങള്‍ ഇംഗ്ലീഷിൽ നിന്ന് മലയാളത്തിലേക്ക് വിവർത്തനം ചെയ്യുന്നത് പ്രതിയാണെന്നും റിപ്പോര്‍ട്ടിലുണ്ട്. വൈത്തിരിയില്‍ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട ജലീലുമായി വിജിത്തിന് അടുത്ത ബന്ധമുണ്ടെന്നും എന്‍ഐഎ ആരോപിക്കുന്നു .
ഉസ്‌മാന്‍, ജലീൽ എന്നിവരുമൊത്ത് വിവിധ ജില്ലകളിൽ നടന്ന ഗൂഡാലോചനയിൽ വിജിത്തും പങ്കടുത്തു. സംഘടനയിൽ വിജിത് അറിയപ്പെടുന്നത് പച്ച, ബാലു, മുസഫിർ, അജയ് എന്നീ പേരുകളിലാണെന്നും എൻഐഎ റിമാന്‍റ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.