എറണാകുളം: ഉപതെരഞ്ഞെടുപ്പിൽ പാലാരിവട്ടം മേല്പാലം അഴിമതി മുഖ്യവിഷയമല്ലെന്ന് സിപിഐ എറണാകുളം ജില്ലാ സെക്രട്ടറി പി രാജു. ഇടതുമുന്നണി സർക്കാറിന്‍റെ ഭരണ നേട്ടങ്ങൾ തന്നെയായിരിക്കും പ്രധാന ചർച്ചാ വിഷയം. എന്നാൽ പാലാരിവട്ടം മേല്പാലം അഴിമതിയും സ്വാഭാവികമായും ഉയർന്നുവരും. ഞാറയ്ക്കൽ സംഭവത്തെ തുടർന്നുണ്ടായ അഭിപ്രായ ഭിന്നത എറണാകുളം മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്നും പി രാജു ഇടിവി ഭാരതിനോട് പറഞ്ഞു.
പാർട്ടികൾ തമ്മിൽ ചില വിഷയങ്ങളിൽ അഭിപ്രായ വ്യത്യാസങ്ങളുണ്ടാവാം. എന്നാൽ തെരഞ്ഞെടുപ്പ് രാഷട്രീയ പോരാട്ടമാണ്. ഈ ഘട്ടത്തിൽ ഒരു തരത്തിലുള്ള അഭിപ്രായ ഭിന്നതകളും ഉയർന്ന് വരാൻ അനുവദിക്കില്ല. ഇടതുമുന്നണി തെരഞ്ഞെടുപ്പിനെ യോജിച്ച് നേരിടും. സർക്കാറിന്റെ ഭരണ നേട്ടങ്ങൾ പരമാവധി ജനങ്ങളിലെത്തിക്കുകയെന്ന ദൗത്യമാണ് തങ്ങൾ ഏറ്റെടുക്കുക. ജയപരാജയങ്ങളെ കുറിച്ചുള്ള കാര്യങ്ങളും വിജയ സാധ്യതയും തെരഞ്ഞെടുപ്പിന് തൊട്ടടുത്ത വേളയിൽ മാത്രമേ വിലയിരുത്താനാവുകയുള്ളൂവെന്നും പി രാജു പറഞ്ഞു.