കൊച്ചി: പാലാരിവട്ടം മേൽപ്പാലനിർമ്മാണത്തിൽ അഴിമതി നടത്താൻ രേഖകളിൽ കൃത്രിമം കാണിച്ചുവെന്ന് വിജിലൻസ് റിപ്പോർട്ട്. അഴിമതിക്ക് വേണ്ടി ഗൂഢാലോചന നടന്നിരുന്നതായും വിജിലൻസ് റിപ്പോർട്ടിൽ പറയുന്നു. ഇത് തെളിയിക്കുന്ന രേഖകളും വിജിലൻസ് ഇന്ന് ഹൈക്കോടതിയിൽ സമർപ്പിച്ചു.
കേസിൽ പ്രതികളായവരുടെ ജാമ്യാപേക്ഷ പരിഗണിക്കവേയാണ് അഴിമതിക്ക് വേണ്ടി രേഖകൾ തിരുത്തിയെന്ന് വിജിലൻസ് കോടതിയെ അറിയിച്ചത്. കാരാർ ആർ.ഡി.എസിന് ലഭിക്കാനായി ടെൻഡർ രേഖയിലും ടെൻഡർ രജിസ്റ്ററിലും കൃത്രിമം നടത്തിയെന്നും വിജിലൻസ് റിപ്പോർട്ടിൽ പറയുന്നു. പാലാരിവട്ടം മേൽപ്പാലത്തിന്‍റെ നിർമ്മാണത്തിനും അനുബന്ധ ജോലികൾക്കുമായി 47 കോടി രൂപയാണ് ആർ.ഡി.എസ് കമ്പനി ടെന്‍ഡറില്‍ രേഖപ്പെടുത്തിയത്. എന്നാൽ മറ്റൊരു കമ്പനി 42 കോടി രൂപയുടെ ടെന്‍ഡര്‍ സമർപ്പിച്ചിരുന്നു. ഇതിനെ മറികടക്കാനായി ടെൻഡർ രേഖകളിൽ തിരുത്തൽ നടത്തുകയും 13 ശതമാനം റിബേറ്റ് നൽകാമെന്ന് ആർ.ഡി.എസിന്‍റെ ടെൻഡർ ഫോമിലും രജിസ്റ്ററിലും എഴുതി ചേർക്കുകയായിരുന്നുവെന്നും വിജിലൻസ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ടെൻഡർ പൊട്ടിച്ചപ്പോൾ ഈ റിബേറ്റ് കൂടി കണക്കിലെടുത്താണ് ആർ.ഡി.എസിന് ടെൻഡർ ലഭിച്ചത്. വിജിലൻസിന്‍റെ കണ്ടെത്തൽ കരാറിൽ കൃത്രിമം നടന്നിട്ടുണ്ടെന്ന് വ്യക്തമാക്കുന്നതായി കോടതി വിലയിരുത്തി. പാലാരിവട്ടം മേൽപ്പാലം അഴിമതി കേസിൽ മുൻ പൊതുമരാമത്ത് സെക്രട്ടറി ടി.ഒ. സൂരജ് ഉൾപ്പടെയുള്ള നാല് പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി അടുത്ത വ്യാഴാഴ്‌ചയിലേക്ക് മാറ്റി.