കൊച്ചി: ഇക്കഴിഞ്ഞ വെള്ളിയാഴ്‌ചയായിരുന്നു ടി.ഒ സൂരജ് ഉള്‍പ്പെടെ നാല് പേരെ പാലാരിവട്ടം മേല്‍പ്പാലം അഴിമതിയുമായി ബന്ധപ്പെട്ട് വിജിലന്‍സ് അറസ്റ്റ് ചെയ്‌തത്. 19 വരെയാണ് പ്രതികളെ റിമാന്‍ഡ് ചെയ്‌തിരിക്കുന്നത്. ഇവരെ മൂവാറ്റുപുഴ സബ് ജയിലിലേക്ക് മാറ്റി.
ടി.ഒ സൂരജിനെ കൂടാതെ കിറ്റ്‌കോ മുന്‍ എം.ഡി ബെന്നി പോള്‍, നിര്‍മാണ കമ്പനി എം.ഡി സുമിത് ഗോയല്‍ ആര്‍.ബി.ഡി.സി.കെ അസിസ്റ്റന്‍റ് ജനറല്‍ മാനേജര്‍ പി.ഡി തങ്കച്ചന്‍ എന്നിവരാണ് റിമാന്‍ഡിലുള്ള പ്രതികള്‍. നേരത്തെ വഞ്ചന, അഴിമതി, ഗൂഢാലോചന, ഫണ്ട് ദുര്‍വിനിയോഗം എന്നീ വകുപ്പുകളാണ് ഇവര്‍ക്കുമേൽ ചുമത്തിയിരുന്നത്. യുഡിഎഫ് സർക്കാരിന്‍റെ കാലത്ത് ടി.ഒ സൂരജ് പൊതുമരാമത്ത് സെക്രട്ടറിയായിരുന്നു. ആ കാലത്താണ് പാലത്തിന് കരാർ നൽകിയത്. എന്നാൽ, താൻ നിരപരാധിയാണെന്നും മന്ത്രിസഭാ തീരുമാനമനുസരിച്ച് ഉത്തരവ് ഇറക്കുക മാത്രമാണ് ചെയ്‌തതെന്നുമായിരുന്നു സൂരജിന്‍റെ വാദം. സർക്കാർ അനുവദിച്ച 42 കോടി രൂപ പാലത്തിന്‍റെ നിർമാണത്തിനായി ചെലവഴിച്ചില്ല. കുറഞ്ഞ ചെലവിൽ പാലം നിർമിക്കാനായി ഡിസൈൻ ഉൾപ്പടെയുള്ളവ മാറ്റിയെന്ന് വിജിലൻസ് കണ്ടെത്തിയിരുന്നു. 30 കോടിയോളം രൂപ മാത്രമാണ് പാലത്തിന്‍റെ നിർമാണത്തിനായി ചെലവഴിച്ചതെന്നും വിജിലൻസ് കണ്ടെത്തി. മുൻ പൊതുമരാമത്ത് മന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞിനേയും വിജിലൻസ് ചോദ്യം ചെയ്‌തിരുന്നു. ദേശീയപാത വിഭാഗത്തെ ഒഴിവാക്കിയാണ് റോഡ്‌സ് ആന്‍റ് ബ്രിഡ്‌ജസ് ഡെവലപ്മെന്‍റ് കോര്‍പറേഷന് പാലത്തിന്‍റെ നിര്‍മാണ ചുമതല നൽകിയത്.