എറണാകുളം: പാലാരിവട്ടം മേൽപാലം അഴിമതി കേസിൽ മുൻ മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞ് എംഎൽഎ അറസ്റ്റിൽ. പാലം ക്രമക്കേടിന്‍റെയും അഴിമതി കേസിന്‍റെയും നാൾവഴികൾ.
2013ൽ ദേശീയ പാത 66ൽ എറണാകുളം മൂവാറ്റുപുഴ സംസ്ഥാന പാത കടന്നുപോകുന്ന പാലാരിവട്ടം ജങ്ഷനിൽ മേൽപാലം നിർമ്മിക്കാൻ സർക്കാർ അനുമതി നൽകി.
2014 ജൂൺ മാസത്തിൽ കൊച്ചിയിലെ ഗതാഗത കുരുക്കിന് ശാശ്വത പരിഹാരമെന്ന പ്രഖ്യാപനവുമായി നിർമാണോദ്ഘാടനം നടന്നു. അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയാണ് നിർമാണ പ്രവർത്തനത്തിന് തുടക്കം കുറിച്ചത്.
2014 സെപ്‌തംബർ മാസത്തിൽ റോഡ്‌സ് ആന്‍റ് ബ്രിഡ്‌ജസ് കോർപ്പറേഷന്‍റെയും കിറ്റ്കോയുടെയും മേൽനോട്ടത്തിൽ ആർ.ഡി.എസ് പ്രൊജക്‌ട് എന്ന ഗുജറാത്ത് കമ്പനി പാലം നിർമാണം തുടങ്ങി.
2016 ഒക്ടോബർ പന്ത്രണ്ടിന് മുഖ്യമന്ത്രി പിണറായി വിജയൻ മേൽപാലം ഗതാഗതത്തിനായി തുറന്നു കൊടുത്തു.
2017 ജനുവരി മാസത്തിൽ തന്നെ പാലത്തിലെ ടാറിങ് ഇളകി തുടങ്ങി. വിള്ളലും പ്രത്യക്ഷപ്പെട്ടു. ഇതേ തുടർന്ന് പാലാരിവട്ടം സ്വദേശി പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന് പരാതി നൽകി. അന്വേഷിക്കാൻ ആർ.ബി.ഡി.സിയെ തന്നെ ചുമതലപ്പെടുത്തി. അവർ താൽകാലികമായ ചില പരിഹാര പ്രവർത്തനങ്ങൾ നടത്തുകയും ചെയ്‌തു.
പാലത്തിന്‍റെ ബലക്ഷയത്തെ പറ്റി വിവിധ കോണുകളിൽ നിന്നും വിമർശനം ശക്തമായി തുടർന്ന് 2019 മെയ് ഒന്നിന് അറ്റകുറ്റ പണികൾക്കായി പാലം താൽകാലികമായി അടച്ചു.
2019 മെയ് അഞ്ചിന് മദ്രാസ് ഐ.ഐ.ടി സംഘത്തിന്‍റെ പരിശോധന നടന്നു. രൂപകൽപനയിലും നിർമാണത്തിലും പിഴവുണ്ടെന്ന് കണ്ടെത്തി. ആവശ്യത്തിന് സിമന്‍റ് ഉൾപ്പടെയുള്ള നിർമാണ വസ്‌തുക്കൾ ഉപയോഗിച്ചില്ലെന്നും പാലത്തിന് ബലക്ഷയമുണ്ടെന്നും കണ്ടെത്തി. തുടർന്ന് സംസ്ഥാന സർക്കാർ വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചു.
2019 മെയ് എട്ടിന് പാലത്തിൽ വിജിലൻസ് ശാസ്ത്രീയമായ പരിശോധന തുടങ്ങി.
2019 ജൂൺ മൂന്നിന് പാലം നിർമാണത്തിൽ ക്രമക്കേടും അഴിമതിയും നടന്നതായി വിജിലൻസിന്‍റെ റിപ്പോർട്ട്
2019 ജൂൺ മാസത്തിൽ ഇ.ശ്രീധരൻ പാലം പരിശോധിക്കുകയും പുതുക്കി പണിയണമെന്ന് സർക്കാരിന് ശുപാർശ നൽകുകയും ചെയ്‌തു.
2019 ഓഗസ്റ്റ് 22ന് നിർമാണവേളയിൽ പൊതുമരാമത്ത് മന്ത്രിയായിരുന്ന വി.കെ ഇബ്രാഹിം കുഞ്ഞ് എംഎൽഎ കൊച്ചിയിലെ വിജിലൻസ് ആസ്ഥാനത്ത് വിളിച്ച് വരുത്തി മൂന്ന് മണിക്കൂർ മൊഴിയെടുത്തു.
2019 ഓഗസ്റ്റ് 30ന് പൊതുമരാമത്ത് വകുപ്പ് മുൻ സെക്രട്ടറി ടി.ഒ. സൂരജ്, ആർ.ഡി.എസ്. ഉടമ സുമിത്ത് ഗോയൽ, ആർ.ബി.ഡി.സി മുൻ എജിഎം തങ്കച്ചൻ, കിറ്റ്‌കോ ജി എം ബെന്നി പോൾ എന്നിവരെ ഒരുമിച്ച് ചോദ്യം ചെയ്‌തു. മണിക്കൂറുകൾ നീണ്ട ചോദ്യം ചെയിലിനു ശേഷം നാലുപേരെയും അറസ്റ്റ് ചെയ്‌ത് മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ ഹാജരാക്കി. നാലുപേരെയും കോടതി റിമാന്‍റ് ചെയ്‌തു.
2019 സെപ്‌തംബർ മാസത്തിൽ ഹൈക്കോടതിയിൽ നൽകിയ ജാമ്യാപേക്ഷയിൽ മുൻ മന്ത്രി ഇബ്രാഹിം കുഞ്ഞിനെതിരെയുള്ള ഗുരുതര ആരോപണങ്ങൾ
2019 സെപ്‌തംബർ 16ന് പാലം പൊളിച്ച് പണിയാൻ സർക്കാർ തീരുമാനിച്ചു.
2019 സെപ്റ്റംബർ 24ന് പാലം പൊളിക്കുന്നത് ഹൈക്കോടതി തടഞ്ഞു.
2020 ജനുവരി മാസത്തിൽ ഇബ്രാഹിം കുഞ്ഞിനെ പ്രോസിക്യൂട്ട് ചെയ്യുന്നതിന് ഗവർണർ എജിയുടെ നിയമോപദേശം തേടി.
2020 ഫെബ്രുവരി അഞ്ചിന് ഇബ്രാഹിം കുഞ്ഞിനെ പ്രോസിക്യൂട്ട് ചെയ്യാൻ ഗവർണറുടെ അനുമതി.
2020 ഫെബ്രുവരി ഏഴിന് പാലം പൊളിക്കരുതെന്ന ഹൈക്കോടതി വിധിക്കെതിരെ സർക്കാർ സുപ്രീം കോടതിയെ സമീപിച്ചു.
2020 ഫെബ്രുവരി 12ന് ഇബ്രാഹിം കുഞ്ഞിനെ വിജിലൻസ് ചോദ്യം ചെയ്‌തു.
2020 മാർച്ച് ഒമ്പതിന് വി കെ. ഇബ്രാഹിം കുഞ്ഞ് എംഎൽഎയെ വിജിലൻസ് പ്രതി ചേർത്തു.
2020 സെപ്റ്റംബർ 22ന് പാലം പൊളിച്ച് പണിയാൻ സുപ്രീം കോടതി സംസ്ഥാന സർക്കാറിന് അനുമതി നൽകി.
2020 നവംബർ 18 ന് പാലാരിവട്ടം പാലം അഴിമതി കേസിൽ വി.കെ. ഇബ്രാഹിം കുഞ്ഞ് എം.എൽ.എ അറസ്റ്റിൽ.