എറണാകുളം: ജീവന്‍റെ തുടിപ്പുമായി എയർ ആംബുലൻസ് തിരുവനന്തപുരത്ത് നിന്ന് കൊച്ചിയില്‍ പറന്നിറങ്ങി. കൊച്ചിയില്‍ ചികിത്സയിലുള്ള രോഗിക്കാണ് തിരുവനന്തപുരത്ത് നിന്ന് എയർ ആംബുലൻസില്‍ ഹൃദയമെത്തിച്ച് നല്‍കിയത്. തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ മസ്‌തിഷ്‌കമരണം സംഭവിച്ച 50 വയസുള്ള ചെമ്പഴന്തി സ്വദേശി ലാലിയുടെ ഹൃദയമാണ് ദാനം ചെയ്തത്. തിരുവനന്തപുരത്ത് നിന്ന് തിരിച്ച ഹെലികോപ്റ്റർ ഹൃദയവുമായി നാല് മണിയോടെ കൊച്ചി ഗ്രാൻഡ് ഹയാത്ത് ഹോട്ടലിന്‍റെ ഹെലിപാഡില്‍ ലാൻഡ് ചെയ്തു. തുടർന്ന് അഞ്ച് കിലോമീറ്റർ ദൂരത്തുള്ള ലിസി ആശുപത്രിയിലേക്ക് നാല് മിനിറ്റില്‍ ആംബുലൻസിൽ ഹൃദയമെത്തിച്ചു.
ഇതിനിടയിൽ തന്നെ ഹൃദയം സ്വീകരിക്കുന്ന വ്യക്തിയുടെ ശസ്ത്രക്രിയ ലിസി ആശുപത്രിയിൽ ആരംഭിച്ചിരുന്നു. ഒരു മിനിറ്റ് പോലും നഷ്ടമാകാതെ ഹൃദയം സ്വീകരിക്കുന്നതിനുള്ള എല്ലാ തയ്യാറെടുപ്പുകളും ആശുപത്രിയിൽ പൂർത്തിയാക്കിയിരുന്നു. നേരത്തെ എറണാകുളം ലിസി ആശുപത്രിയിൽ നിന്നുള്ള ഡോക്ടര്‍മാരുടെ വിദഗ്‌ധ സംഘമാണ് തിരുവനന്തപുരത്തുള്ള ദാതാവിൽ നിന്നും ഹൃദയം ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തത്. ഡോക്ടർമാരുടെ സംഘവും എയർ ആംബുലൻസിൽ ഹൃദയത്തെ അനുഗമിച്ചിരുന്നു. കോതമംഗലം സ്വദേശി ലീനയ്ക്കാണ് ഹൃദയം മാറ്റിവെച്ചത്. സർക്കാർ വാടകയ്‌ക്കെടുത്ത ഹെലികോപ്റ്ററാണ് എയർ ആംബുലൻലസായി ഉപയോഗിച്ചത്. ആദ്യമായാണ് സർക്കാർ വാടകയ്‌ക്കെടുത്ത ഹെലികോപ്‌റ്റർ ഉപയോഗിക്കുന്നതെന്ന പ്രത്യേകതയും ഈ ദൗത്യത്തിനുണ്ട്.