എറണാകുളം: കൊച്ചിയിലെ ഒഴുക്ക് നഷ്ടപ്പെട്ട ഓടകള്‍ വൃത്തിയാക്കാൻ 'ഓപ്പറേഷൻ ബ്രേക്ക് ത്രൂ'വുമായി ജില്ലാ ഭരണകൂടം. ഇന്നത്തെ ഒറ്റ രാത്രികൊണ്ട് നഗരത്തിലെ വെള്ളക്കെട്ട് പൂർണ്ണമായും ഒഴിവാക്കി പൂർവ്വ സ്ഥിതിയിലാക്കുക എന്നതാണ് ബ്രേക്ക് ത്രൂ ഓപ്പറേഷനിലൂടെ ലക്ഷ്യമിടുന്നത്. ജില്ലാ കലക്‌ടറുടെ നേതൃത്വത്തില്‍ ചേര്‍ന്ന അടിയന്തര യോഗത്തിന്‍റേതാണ് തീരുമാനം. വിവിധ വകുപ്പുകളെ കോര്‍ത്തിണക്കിയാണ് വെള്ളക്കെട്ട് ഒഴിവാക്കാൻ ജില്ലാഭരണകൂടം ശ്രമിക്കുന്നത്. മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് നടപടി.
ഓപ്പറേഷൻ പ്രകാരമുള്ള ആദ്യത്തെ പ്രവര്‍ത്തനം കലൂര്‍ സബ് സ്റ്റേഷനില്‍ രാത്രി പത്തു മണിക്ക് ആരംഭിച്ചു. നിര്‍ത്താതെ പെയ്യുന്ന മഴയെ തുടര്‍ന്ന് കലൂർ സബ് സ്റ്റേഷനിൽ വെള്ളം കയറുകയും കൺട്രോൾ യൂണിറ്റ് ഉൾപ്പടെ മുങ്ങുകയും ചെയ്‌തിരുന്നു. തുടർന്ന് നഗരത്തിലെ വൈദ്യുതി നിലച്ചിരുന്നു. ഫയര്‍ ഫോഴ്സ്, പൊലീസ്, ഇറിഗേഷന്‍, റവന്യൂ വകുപ്പുകള്‍ ചേര്‍ന്നുള്ള സംയുക്ത ഓപ്പറേഷനാണ് കലൂരില്‍ തുടങ്ങിയിരിക്കുന്നത്.