എറണാകുളം : പ്രായപൂർത്തിയാകാത്ത പെൺകുട്ടി മജിസ്‌ട്രേറ്റിന് മുന്‍പാകെ നൽകിയ മൊഴി വിശ്വാസയോഗ്യമാണെന്ന് കണ്ടെത്തിയാൽ പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളുമെന്ന് ഹൈക്കോടതി. പോക്‌സോ കേസില്‍, നമ്പര്‍ 18 ഹോട്ടല്‍ ഉടമ റോയ് ജെ വയലാട്ട്, അഞ്ജലി വടക്കേപുരക്കൽ, സൈജു എം തങ്കച്ചൻ എന്നിവര്‍ സമർപ്പിച്ച അപേക്ഷകളില്‍ വാദം കേള്‍ക്കുന്നതിനിടെയാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്. തങ്ങളെ ആസൂത്രിതമായി ബ്ലാക്ക് മെയിൽ ചെയ്യാനാണ് കേസിലൂടെ ശ്രമിക്കുന്നതെന്ന് പ്രതികള്‍ ജാമ്യാപേക്ഷയില്‍ വാദിച്ചു.
ALSO READ: പ്രതിപക്ഷത്തിന്‍റെ അടിയന്തര പ്രമേയം ചെന്നിത്തലയെ തള്ളാനെന്ന് പി രാജീവ്
കഴിഞ്ഞ വർഷം ഒക്‌ടോബറിൽ നടന്നെന്നുപറയുന്ന സംഭവം മൂന്ന് മാസത്തിലേറെ വൈകിയാണ് പരാതി നൽകിയതെന്നും അപേക്ഷയില്‍ പ്രതികള്‍ ഉന്നയിച്ചു. 2022 ജനുവരിയിൽ മീറ്റിങ്ങിനെന്ന് പറഞ്ഞ് തന്നെയും മകളെയും അഞ്ജലി നമ്പർ 18 ഹോട്ടലിലെത്തിച്ചു. പ്രായപൂർത്തിയാകാത്ത കുട്ടിയെ പീഡിപ്പിക്കുകയും വീഡിയോ റെക്കോർഡ് ചെയ്യുകയുമുണ്ടായി. ശേഷം അഞ്ജലി കുട്ടിയുടെ വീഡിയോയും ഫോട്ടോകളും സോഷ്യൽ മീഡിയയില്‍ പ്രചരിപ്പിച്ചെന്നും പരാതിയിൽ പറയുന്നു. സി.ആർ.പി.സി സെക്ഷൻ 164 പ്രകാരമാണ് പെൺകുട്ടി മജിസ്‌ട്രേറ്റിന് മൊഴി നൽകിയത്. അതിൽ മൂന്ന് പ്രതികൾക്കെതിരെ ഗുരുതരമായ ആരോപണങ്ങളാണ് ഉന്നയിച്ചത്.