കൊച്ചി: സംസ്ഥാന സർക്കാരിന്‍റെ ശമ്പള ഓർഡിനൻസ് നിയമാനുസൃതമെന്ന് ഹൈക്കോടതി. ഓർഡിനൻസ് സ്റ്റേ ചെയ്യണമെന്ന ഹർജിക്കാരുടെ ആവശ്യവും കോടതി അംഗീകരിച്ചില്ല. കൊവിഡ് സാഹചര്യത്തിലുള്ള സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ ജീവനക്കാരുടെ ആറ് ദിവസത്തെ ശമ്പളം അഞ്ച് മാസങ്ങളിലായി മാറ്റിവെക്കാനുള്ള ഓർഡിനൻസ് ചോദ്യം ചെയ്‌ത് സമർപ്പിച്ച ഹർജിയിലാണ് കോടതി ഇടപെടൽ. ഇത്തരമൊരു ഓർഡിനൻസ് ഇറക്കാൻ സർക്കാരിന് അധികാരമുണ്ട്. ഈ അധികാരത്തിൽ കോടതി ഇടപെടുന്നില്ല. ശമ്പളം പിടിക്കുകയല്ല. നിശ്ചിത കാലത്തേക്ക് മാറ്റിവെക്കുകയാണന്നും കോടതി ചൂണ്ടികാണിച്ചു. ആരോഗ്യ പ്രവർത്തനത്തിന് മാത്രമേ ഈ പണം ഉപയോഗിക്കുകയുള്ളൂവെന്നും സർക്കാർ കോടതിയെ അറിയിച്ചു. ആരോഗ്യപ്രവർത്തകരുടെ ശമ്പളത്തിന്‍റെ കാര്യത്തിലും സർക്കാരാണ് തീരുമാനമെടുക്കേണ്ടതെന്ന് കോടതി വ്യക്തമാക്കി.
സർക്കാർ ജീവനക്കാരുടെ ആറ് ദിവസത്തെ ശമ്പളം അഞ്ച് മാസങ്ങളിലായി പിടിക്കാനുള്ള സർക്കാർ ഉത്തരവ് ഹൈക്കോടതി നേരത്തെ സ്റ്റേ ചെയ്‌തിരുന്നു. ഇതിന് പിന്നാലെയാണ് ശമ്പളം പിടിക്കാനുള്ള ഓർഡിനൻസ് സർക്കാർ ഇറക്കിയത്. ഇതിനെതിരെയാണ് വിവിധ പ്രതിപക്ഷ സർവീസ് സംഘടനകൾ കോടതിയെ സമീപിച്ചത്. ഓർഡിനൻസ് നിയമാനുസൃതമല്ലെന്നും അടിയന്തരമായി സ്റ്റേ ചെയ്യണമെന്നുമായിരുന്നു ഹൈക്കോടതിയിൽ ആവശ്യപ്പെട്ടത്. എന്നാൽ ഇത് അംഗീകരിക്കാൻ കോടതി തയ്യാറായില്ല. കേസ് അടുത്ത മാസം വീണ്ടും പരിഗണിക്കും.