എറണാകുളം: കുട്ടമ്പുഴ കുഞ്ചിപ്പാറ ആദിവാസി കോളനിയിൽ ആത്മഹത്യ ചെയ്തയാളുടെ മൃതദേഹവുമായി അയൽവാസികൾ നടന്നത് മൂന്ന് കിലോമീറ്റര്‍ ദൂരം. റോഡ് സൗകര്യമില്ലാത്ത പ്രദേശമായതിനാല്‍ ആംബുലന്‍സോ മറ്റ് വാഹനങ്ങളോ അവിടേക്ക് എത്താത്ത സാഹചര്യത്തിലാണ് മൃതദേഹം ചുമന്ന് കൊണ്ടുപോകേണ്ടി വന്നത്. കുഞ്ചിപ്പാറ കോളനിയിലെ സോമനെ കഴിഞ്ഞ ദിവസമാണ് വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
മൃതദേഹം പോസ്റ്റുമോർട്ടം ചെയ്യുന്നതിനായി കോതമംഗലം ആശുപത്രിയിലെത്തിക്കുന്നതിന് അയൽവാസികൾ മൃതദേഹം പായയിൽ കെട്ടി മൂന്നുകിലോമീറ്ററോളം നടന്ന് കല്ലേരിമേട്ടിലെത്തിച്ചു. അവിടെ നിന്നും ബ്ലാവന കടത്ത് വരെ മൃതദേഹം ജീപ്പിൽ കൊണ്ടുപോയി. കടത്ത് കടന്ന ശേഷം കുട്ടമ്പുഴ പഞ്ചായത്തിന്റെ ആംബുലൻസിൽ കോതമംഗലം ആശുപത്രിയിലെത്തിച്ചു. കുട്ടമ്പുഴ പഞ്ചായത്തിലെ കുഞ്ചിപ്പാറ കോളനിയിലേക്ക് പാലവും റോഡും നിർമിക്കണമെന്നത് നാട്ടുകാരുടെ ദീർഘകാലമായുള്ള ആവശ്യമാണ്. മഴക്കാലത്ത് പുഴയിൽ വെള്ളം നിറഞ്ഞാൽ ബ്ലാവന കടത്ത് വഴിയുള്ള യാത്രയും ദുഷ്‌കരമാകും. ഇതോടെ കോളനിക്കാർ ഒറ്റപ്പെട്ട അവസ്ഥയിലാകുന്നതും നിത്യസംഭവമാണ്.