എറണാകുളം: താരങ്ങളുടെയും സാങ്കേതിക പ്രവർത്തകരുടെയും പ്രതിഫലം കുറയ്ക്കണമെന്ന ആവശ്യത്തിൽ വിട്ട് വീഴ്ച വേണ്ടെന്ന് സിനിമ നിർമാതാക്കളുടെയും വിതരണക്കാരുടെയും യോഗത്തിൽ ധാരണ. സിനിമാ മേഖലയിലെ പ്രതിസന്ധി മറികടക്കാൻ മറ്റു സംഘടനകളുമായും നിർമാതാക്കൾ ചർച്ച നടത്തും. പ്രതിഫല വിഷയത്തിൽ താരസംഘടന അമ്മ, സാങ്കേതിക പ്രവർത്തകരുടെ സംഘടന ഫെഫ്ക്ക എന്നിവരുമായി കൂടിയാലോചന നടത്തേണ്ട കാര്യങ്ങളും യോഗം ചർച്ച ചെയ്തു. ഇതിന്‍റെ ഭാഗമായി നാളെ തിയേറ്റർ ഉടമകളുമായും ചർച്ച നടത്തും.
പ്രതിഫല കാര്യത്തിൽ താരസംഘടനയുടെ തീരുമാനം വൈകുന്നതിൽ നിർമാതാക്കൾക്ക് അതൃപ്തിയുണ്ട്. ഫെഫ്കയുടെ ഔദ്യോഗിക തീരുമാനം പുറത്തുവിട്ടിട്ടില്ലെങ്കിലും അനുകൂലമായ പ്രതികരണം അറിയിച്ചിട്ടുണ്ട്. അമ്മ പ്രസിഡന്‍റ് മോഹൻലാൽ എത്തിയതിന് ശേഷം യോഗം ചേർന്ന് തീരുമാനമെടുക്കാമെന്നാണ് അംഗങ്ങളിൽ ചിലരുടെ അഭിപ്രായം. സിനിമയുടെ നിർമാണ ചെലവ് പകുതിയായി കുറയ്ക്കണമെന്നും അതിനായി താരങ്ങളുടെ പ്രതിഫലം വെട്ടിക്കുറയ്ക്കണമെന്നും കെ.എഫ്.പി.എ ആവശ്യപ്പെട്ടിരുന്നു. പരസ്യമായി ഇത്തരമൊരു ആവശ്യമുന്നയിച്ചതിൽ താരങ്ങൾക്ക് എതിർപ്പുണ്ടായിരുന്നു. എന്നാൽ കൊവിഡ് സാഹചര്യത്തിൽ പ്രതിഫലം കുറയ്ക്കണമെന്ന ആവശ്യത്തെ പൂർണമായി തള്ളിക്കളയാൻ സിനിമ സംഘടനകൾക്കും കഴിയില്ല.