കൊച്ചി: പുതിയ ഐടി നിയമങ്ങൾ പാലിക്കാത്തതിനെതിരെ ന്യൂസ് ബ്രോഡ്‌കാസ്റ്റർ അസോസിയേഷൻ (എൻബിഎ) അംഗങ്ങൾക്കെതിരെ യാതൊരുവിധ നടപടിയും സ്വീകരിക്കരുതെന്ന് കേരള ഹൈക്കോടതി. നിരവധി വാർത്താ ചാനലുകളെ പ്രതിനിധീകരിക്കുന്ന സംഘടനയാണ് എൻബിഎ എന്നും കോടതി ചൂണ്ടിക്കാണിച്ചു.
പുതിയ ഐടി നിയമങ്ങൾ അധികാരികൾക്ക് മാധ്യമങ്ങളെ അനാവശ്യമായി നിയന്ത്രിക്കാൻ അമിതമായ അധികാരങ്ങൾ നൽകുന്നുവെന്ന് ചൂണ്ടിക്കാണിച്ച് എൻബിഎ സമർപ്പിച്ച ഹർജിയിൽ കേന്ദ്ര സർക്കാരിനോട് നിലപാടറിയിക്കാനും നിർദേശം നൽകിയിട്ടുണ്ട്. മാധ്യമങ്ങളുടെ അഭിപ്രായ സ്വാതന്ത്ര്യത്തെ അതിരുകടന്ന് നിയന്ത്രിക്കുവാൻ സാധിക്കുന്ന നിയമങ്ങളാണ് പുതുക്കിയ ഐടി നിയമത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നതെന്നും ഹർജിയിൽ എൻബിഎ വാദിക്കുന്നു.
Also Read: മോദി ഉത്തരം പറയുന്നത് സുഹൃത്തുക്കളോട് മാത്രം: രാഹുല്‍ ഗാന്ധി
എൻബിഎയ്ക്ക് വേണ്ടി മുതിർന്ന അഭിഭാഷകൻ മനീന്ദർ സിങ് ഹാജരായി. പുതിയ നിയമങ്ങൾ അനുസരിച്ച്, മാധ്യമ കമ്പനികളോ അവരുടെ അസോസിയേഷനുകളോ സ്വയം നിയന്ത്രിത ബോഡികൾ രൂപീകരിക്കണമെന്നും അത് സുപ്രീം കോടതിയുടെയോ ഹൈക്കോടതിയുടെയോ വിരമിച്ച ജഡ്‌ജിയുടെയോ ഒരു പ്രമുഖ വ്യക്തിയുടെയോ നേതൃത്വത്തിലായിരിക്കണമെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.
ഇതുവഴി മാധ്യമങ്ങളുടെ അഭിപ്രായ സ്വാതന്ത്ര്യത്തെ വലിയ രീതിയിൽ തന്നെ സ്വാധീനിക്കാൻ പുതിയ നിയമങ്ങൾക്ക് കഴിയുമെന്നും ഹർജിയിൽ പറയുന്നു.