എറണാകുളം: മധ്യപ്രദേശിൽ മിന്നൽ പ്രളയത്തിൽ മരിച്ച മലയാളി സൈനികൻ ക്യാപ്റ്റൻ നിർമൽ ശിവരാജിന്‍റെ മൃതദേഹം ഇന്ന് കൊച്ചിയിലെത്തിക്കും. ഭോപ്പാലിൽ നിന്ന് വിമാന മാർഗമാണ് മൃതദേഹം നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തിക്കുക. തുടർന്ന് മൃതദേഹം മാമംഗലത്തെ വീട്ടിൽ പൊതുദർശനത്തിന് വയ്ക്കും.
വൈകുന്നേരം അഞ്ചുമണിയോടെ പച്ചാളം പൊതുശ്‌മശാനത്തിൽ സംസ്‌കരിക്കും. ഓഗസ്‌റ്റ് 15ന് മധ്യപ്രദേശിലെ ജബൽപുരിൽ നിന്ന് ജോലി സ്ഥലത്തേക്ക് കാറിൽ പോയ നിർമ്മൽശിവരാജിനെ കാണാതാവുകയായിരുന്നു.
കാറിൽ യാത്ര ചെയ്യവെ ക്യാപ്റ്റൻ നിർമൽ ശിവരാജ് പ്രളയത്തിൽ അകപ്പെട്ടുവെന്നാണ് കരുതുന്നത്. വ്യാഴാഴ്‌ച രാവിലെയാണ് പൂർണമായി തകർന്ന നിലയിൽ നിർമ്മലിന്‍റെ കാർ കണ്ടെത്തിയത്.
കാർ കണ്ടെത്തിയ സ്ഥലത്തുനിന്ന് ഒരു കിലോമീറ്റർ മാറി മൃതദേഹവും കണ്ടെത്തുകയായിരുന്നു. അണക്കെട്ടു തുറന്നതിനെ തുടർന്നാണ് ഈ പ്രദേശത്ത് പ്രളയമുണ്ടായത്. കമ്പയിൻഡ് ഡിഫൻസ് സർവീസ് പരീക്ഷ പാസായി ഇരുപത്തിരണ്ടാം വയസിലാണ് നിർമൽ ഡെറാഡൂൺ ഇന്ത്യൻ മിലിറ്ററി അക്കാദമിയിൽ ചേർന്നത്.
ഒന്നര വർഷത്തെ പരിശീലനം പൂർത്തിയാക്കി ലഫ്റ്റനന്‍റായി സർവീസിൽ പ്രവേശിച്ചു. രണ്ട് വർഷം അരുണാചൽ പ്രദേശിൽ ചൈനീസ് അതിർത്തിയിലായിരുന്നു സേവനം. തുടർന്ന് രാജസ്ഥാനിൽ സൂരജ്ഘട്ടിൽ പാക് അതിർത്തിയിലും സേവനം അനുഷ്‌ഠിച്ചു.
ജബൽപൂരിൽ സൈനിക ആശുപത്രിയിൽ നഴ്‌സാണ് ഭാര്യ ഗോപിചന്ദ്ര. കൂത്താട്ടുകുളത്തെ റിട്ടയേർഡ് കെഎസ്ഇബി ഉദ്യോഗസ്ഥനായ പെരുമുഴിക്കൽ പി.കെ.ശിവരാജന്‍റെയും സുബൈദയുടെയും മകനാണ് ക്യാപ്റ്റൻ ശിവരാജ്.
നിർമൽ ശിവരാജിന്‍റെ വീട് ഭഗവന്ത് ഹുബെ സന്ദർശിച്ചു: മധ്യപ്രദേശിൽ മിന്നൽ പ്രളയത്തിൽ മരിച്ച മലയാളി സൈനികൻ ക്യാപ്റ്റൻ നിർമ്മൽ ശിവരാജിന്‍റെ കൊച്ചിയിലെ വീട്ടിൽ കേന്ദ്ര രാസവള വകുപ്പ് മന്ത്രി ഭഗവന്ത് ഹുബെ സന്ദർശിച്ചു. നിർമലിന്‍റെ മാതാപിതാക്കളെ കേന്ദ്ര മന്ത്രി ആശ്വസിപ്പിച്ചു. ക്യാപ്റ്റൻ നിർമലിന്‍റെ മരണം അദ്ദേഹത്തിന്‍റെ കുടുംബത്തിനും, രാജ്യത്തിനും പ്രതിരോധ സേനയ്ക്ക് വലിയ നഷ്ടമാണന്ന് കേന്ദ്ര മന്ത്രി പറഞ്ഞു.
ഭാവിയിൽ രാജ്യത്തെ സേവിക്കാൻ ഉന്നതങ്ങളിൽ എത്താൻ അവസരം ലഭിക്കുമായിരുന്ന സൈനികനെയാണ് നഷ്ട്ടമായത്. കുടുംബത്തിന്‍റെ ദുഃഖത്തിൽ പങ്കു ചേരുന്നതായും ഈ പ്രതിസന്ധിയെ അഭിമുഖീകരിക്കാൻ അവർക്ക് ദൈവം കരുത്ത് നൽകട്ടെയെന്ന് പ്രാർഥിക്കുന്നതായും ഭഗവന്ത് ഹുബെ പറഞ്ഞു.