എറണാകുളം : പോപ്പുലർ ഫ്രണ്ട് നിരോധനത്തിന് പിന്നാലെ ആലുവയിൽ ദേശീയ അന്വേഷണ ഏജൻസിയുടെ റെയ്‌ഡ്. പോപ്പുലർ ഫ്രണ്ട് പ്രാദേശിക നേതാവ് അബ്‌ദുൾ വഹാബ് വാടകയ്ക്ക് താമസിക്കുന്ന ഏലൂർക്കരയിലെ വീട്ടിലായിരുന്നു എന്‍ഐഎ പരിശോധന. പിഎഫ്ഐ കേസുമായി ബന്ധപ്പെട്ടായിരുന്നു നടപടി.
പരിശോധനാസമയം വഹാബ് വീട്ടിലുണ്ടായിരുന്നില്ല. ചില രേഖകൾ പിടിച്ചെടുത്തതായാണ് സൂചന. ബിനാനിപുരം, ആലുവ പൊലീസ് സംഘങ്ങള്‍ സ്ഥലത്തെത്തിയിരുന്നു. പോപ്പുലർ ഫ്രണ്ട് ശക്തികേന്ദ്രമായ ആലുവയിൽ പൊലീസ് കനത്ത ജാഗ്രത തുടരുകയാണ്.
Also Read: പോപ്പുലർ ഫ്രണ്ടിനെപ്പോലെ ആർഎസ്എസിനെയും നിരോധിക്കണമെന്ന് കോൺഗ്രസും ലീഗും
പോപ്പുലർ ഫ്രണ്ട് നിരോധനത്തെ തുടർന്ന് ആർഎസ്എസ് കാര്യാലയത്തിന് സുരക്ഷ നൽകുന്നതിനായി ആലുവയിൽ കേന്ദ്രസേനയെ വിന്യസിച്ചിട്ടുണ്ട്. എറണാകുളം ജില്ലയിൽ അഞ്ച് ആർഎസ്എസ് നേതാക്കൾക്ക് ഭീഷണിയുള്ളതായി കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം അറിയിച്ചിരുന്നു. പള്ളിപ്പുറം യൂണിറ്റിൽ നിന്നുള്ള അമ്പത് അംഗ സായുധസേനാസംഘമാണ് ആലുവയിൽ ക്യാമ്പ് ചെയ്യുന്നത്.