എറണാകുളം: സ്വർണക്കടത്ത് കേസിലെ രണ്ടാം പ്രതി സ്വപ്ന സുരേഷിന്‍റെ ബാങ്ക് ലോക്കറിൽ നിന്ന് ഒരു കോടിയിലധികം രൂപയും, ഒരു കിലോയോളം സ്വർണവും പിടിച്ചെടുത്തതായി എൻ.ഐ.എ. ഇതിൽ 36.5 ലക്ഷം രൂപ ഫെഡറൽ ബാങ്കിന്‍റെ തിരുവനന്തപുരം സ്റ്റാച്യു ബ്രാഞ്ചിൽ പ്രതിയുടെ പേരിലുള്ള ലോക്കറിൽ നിന്നും 64 ലക്ഷം രൂപയും 982.5 ഗ്രാം സ്വർണാഭരണം എസ്.ബി.ഐ തിരുവനന്തപുരം സിറ്റി ബ്രാഞ്ചിലെ ലോക്കറിൽ നിന്നുമാണ് പിടിച്ചെടുത്തതെന്നും എൻ.ഐ.എ കോടതിയില്‍ സമർപ്പിച്ച റിമാന്‍ഡ് റിപ്പോർട്ടിൽ വ്യക്തമാക്കി. സ്വർണാഭരണം വിവാഹ വേളയിൽ ദുബായിലുള്ള ഷെയ്ക്ക് സമ്മാനിച്ചതാണെന്ന് സ്വപ്നയുടെ അഭിഭാഷകൻ കോടതിയിൽ പറഞ്ഞു.
മക്കൾക്ക് സ്വപ്നയെ കാണാനും സംസാരിക്കാനും കോടതി അനുമതി നൽകി. കസ്റ്റംസ് മാനസികമായി സമ്മർദം ചെലുത്തി മൊഴി രേഖപ്പെടുത്തിയതായി സ്വപ്ന കോടതിയെ നേരിട്ട് അറിയിച്ചു. അതേസമയം എൻ.ഐ.എയുടെ കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടർന്ന് പ്രതികളായ സ്വപ്ന സുരേഷിനെയും, സന്ദീപ് നായരെയും അടുത്ത മാസം 21 വരെ കോടതി റിമാന്‍ഡ് ചെയ്തു.
പ്രതികളെ കാക്കനാട് ജില്ലാ ജയിലിലേക്ക് അയച്ചു. പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് അടുത്ത ബുധനാഴ്ചത്തേക്ക് മാറ്റി. എൻ.ഐ.എക്ക് വേണ്ടി അസിസ്റ്റന്‍റ് സോളിസിറ്റർ ജനറൽ ഹാജരാകുമെന്നും, അദ്ദേഹത്തിന്‍റെ സൗകര്യത്തിന് വേണ്ടി ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റണമെന്ന് എൻ.ഐ.എ ആവശ്യപ്പെടുകയായിരുന്നു. സ്വപ്ന സുരേഷിന് വേണ്ടി അഡ്വക്കറ്റ് ജിയോപോൾ ഹാജരായി. സന്ദീപിന് വേണ്ടി കെൽസ അഭിഭാഷക വിജയ പി.വിയാണ് കോടതിയിൽ ഹാജരായത്.