എറണാകുളം: തിരുവനന്തപുരം സ്വർണക്കടത്ത് കേസിൽ നിർണായക വഴിത്തിരിവ്. മജിസ്ട്രേറ്റിന് മുമ്പിൽ കുറ്റസമ്മത മൊഴി രേഖപ്പെടുത്താൻ അനുവദിക്കണമെന്ന നാലാം പ്രതി സന്ദീപ് നായരുടെ അപേക്ഷ എൻ.ഐ.എ കോടതി അംഗീകരിച്ചു. കുറ്റസമ്മത മൊഴി രേഖപ്പെടുത്തുന്നതിനാൽ കേസിൽ നിന്ന് ഒഴിവാക്കുകയോ, മാപ്പ് സാക്ഷിയാക്കുകയോ ചെയ്യണമെന്നില്ലന്ന് കോടതി ചൂണ്ടിക്കാണിച്ചു. അക്കാര്യം അറിഞ്ഞു തന്നെയാണ് ക്രിമിനൽ നടപടി ചട്ടം 164 പ്രകാരം കുറ്റസമ്മത മൊഴി നൽകാൻ തയ്യാറായതെന്നും സന്ദീപ് കോടതിയെ അറിയിച്ചു.
എന്നാൽ സന്ദീപ് നായരുടെ അപേക്ഷയെ എൻ.ഐ.എ എതിർത്തില്ല. പ്രതിയുടെ കുറ്റസമ്മത മൊഴി രേഖപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് എറണാകുളം സി.ജെ.എം കോടതിയിൽ അപേക്ഷ നൽകുമെന്നും എൻ.ഐ.എ കോടതിയെ അറിയിച്ചു. കൊച്ചി എൻ.ഐ.എ കോടതി ജഡ്ജി പി.കൃഷ്ണകുമാർ ഓൺലൈനായാണ് അപേക്ഷ പരിഗണിച്ചത്. സ്വര്‍ണക്കടത്ത് കേസിലെ രണ്ടാം പ്രതിയായ സ്വപ്ന സുരേഷിനൊപ്പം കഴിഞ്ഞ ജൂലൈ 11നാണ് ബംഗ്ലൂരുവിൽ നിന്നും എൻ.ഐ.എ സന്ദീപിനെ അറസ്റ്റു ചെയ്തത്.