കൊച്ചി: പുതുവത്സരത്തെ വരവേൽക്കാൻ ഫോർട്ട് കൊച്ചിയിലേക്ക് ഒഴുകിയെത്തിയത് ജനപ്രവാഹം. വിദേശികൾ ഉൾപ്പടെ ആയിരങ്ങളാണ് ഫോർട്ട് കൊച്ചി ബീച്ചിൽ പുതുവത്സര രാത്രിയില്‍ ഒത്തുകൂടിയത്. രാത്രി 12 മണിക്ക് പാപ്പാഞ്ഞിയെ കത്തിച്ചാണ് ഫോർട്ട് കൊച്ചിയിൽ ജനങ്ങൾ പുതുവർഷത്തെ വരവേറ്റത്. ഇത്തവണ പ്ലാസ്റ്റിക് മുക്തമായ, ഹരിത പാപ്പാഞ്ഞിയെയാണ് കത്തിച്ചത്.
പോയവർഷത്തെ തിന്മകളെ അകറ്റി പുതിയ ജീവിതത്തിലേക്ക് കടക്കുന്നതിന്റെ പ്രതീകമായാണ് പാപ്പാഞ്ഞിയെ കത്തിച്ചത്. പോർച്ചുഗീസ് അധീനതയിലായിരുന്ന കാലത്താണ് പാപ്പാഞ്ഞിയെ കത്തിക്കുന്ന ആഘോഷം കൊച്ചിയില്‍ ആദ്യമായി തുടങ്ങിയത്. പാപ്പാഞ്ഞിക്കൊപ്പം പാട്ടും മേളവും കരിമരുന്ന് പ്രയോഗവുമെല്ലാം ആഘോഷത്തിന് മാറ്റു കൂട്ടി.
വലിയ തോതിലുള്ള പൊലീസ് സുരക്ഷയാണ് കൊച്ചിയിലെ ആഘോഷങ്ങൾക്ക് ഏർപ്പെടുത്തിയത്. വിദേശികളായ ടൂറിസ്റ്റുകൾക്ക് വേണ്ടി പുതുവത്സരാഘോഷത്തിന് പ്രത്യേക സ്ഥലം നിശ്ചയിച്ചിരുന്നു. നിരീക്ഷണ ക്യാമറകളും നിരീക്ഷണ ടവറും സ്ഥാപിച്ച്, പൊലീസ് വലയത്തിലാണ് ഫോർട്ട് കൊച്ചിയിലെ ആഘോഷങ്ങൾ പൂർത്തിയാക്കിയത്. പൂർണമായും പ്ലാസ്റ്റിക്കിനെ ഒഴിവാക്കിയാണ് ഇത്തവണ പുതുവത്സരാഘോഷം സംഘടിപ്പിച്ചെതെന്ന പ്രത്യേകതയുമുണ്ട്.
ഡിടിപിസിയുടെ നേതൃത്വത്തിലുള്ള പുതുവത്സരാഘോഷത്തിന് എറണാകുളം ദർബാർ ഹാൾ മൈതാനി വേദിയായി. കുടുംബസമേതം നൂറുകണക്കിനാളുകളാണ് ആഘോഷ പരിപാടികളില്‍ പങ്കെടുത്തത്.