എറണാകുളം: പുതുവത്സര പിറവിക്ക് മണിക്കൂറുകൾ ശേഷിക്കെ കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട പുതുവത്സരാഘോഷ കേന്ദ്രമായ ഫോർട്ട് കൊച്ചി ജനങ്ങളെ സ്വീകരിക്കാൻ അണിഞ്ഞൊരുങ്ങി നിൽക്കുകയാണ്. ഏറ്റവും മികച്ച രീതിയിൽ ആഘോഷ പരിപാടികൾ സംഘടിപ്പിക്കാനുളള അവസാനവട്ട തയ്യാറെടുപ്പിലാണ് അധികൃതർ. സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നിന്നും ഇന്നലെ മുതൽ തന്നെ യുവതി യുവാക്കൾ കൊച്ചിയിലെത്തിക്കൊണ്ടിരിക്കുകയാണ്.
അതിരാവിലെ മുതൽ തന്നെ സ്വന്തം വാഹനങ്ങളിലും, ട്രൈയിൻ, ബസ് സർവീസുകളെ ആശ്രയിച്ചും സഞ്ചാരികളുടെ ഒഴുക്ക് തുടരുകയാണ്. കൊച്ചിയിലെ ഹോട്ടലുകൾ, ഹോംസ്റ്റേകൾ, ലോഡ്‌ജുകളെല്ലാം നിറഞ്ഞു കവിഞ്ഞിരിക്കുകയാണ്. രാവിലെ മുതൽ തന്നെ തുടങ്ങിയ ഫോർട്ട് കൊച്ചിയിലേക്കുള്ള ജനപ്രവാഹം ഉച്ചയോടെ പാരമ്യതയിലെത്തും.
പൊലീസ് വലയത്തിലുള്ള ഫോർട്ട് കൊച്ചിയിലേക്ക് മദ്യപിച്ച് എത്തുന്നവർക്ക് പൊലീസിന്‍റെ പിടിവീഴും. പുതു വത്സരാഘോഷത്തിന്‍റെ പ്രധാന കേന്ദ്രമായ പരേഡ് ഗ്രൗണ്ടിലേക്കുള്ള പ്രവേശനം വൈകുന്നേരം മുതൽ നിയന്ത്രിച്ച് തുടങ്ങും. പരേഡ് ഗ്രൗണ്ടിൽ സ്ഥാപിച്ച പപ്പാഞ്ഞിയെ രാത്രി 12 മണിക്കാണ് കത്തിക്കുക.
ഇത്തവണ പപ്പാഞ്ഞിയെ കത്തിച്ച ശേഷവും കലാപരിപാടികൾ തുടരും. ഒരു മണി വരെയാണ് അനുമതിയെങ്കിലും ഇതിന് ശേഷവും തുടരാനാണ് സാധ്യത. വെളി ഗ്രൗണ്ടിൽ നടക്കുന്ന ആഘോഷ ചടങ്ങുകളിലേക്കും ആളുകൾക് പ്രവേശിക്കാൻ കഴിയും.
അതേസമയം, നിശ്ചയിച്ച പരിധി കഴിഞ്ഞാൽ കൂടുതലായി എത്തുന്നവരെ ഒരു കാരണവശാലും ഫോർട്ട് കൊച്ചിയിലേക്ക് പ്രവേശിപ്പിക്കില്ലന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്. ഫോർട്ട് കൊച്ചിയിലെ റോഡുകളും പരേഡ് ഗ്രൗണ്ടും , വെളി ഗ്രൗണ്ടുൾപ്പടെ ദീപാലാങ്കാരങ്ങളാൽ മനോഹരമാണ്. വെളി ഗ്രൗണ്ടിലെ മഴ മരം അതിമനോഹരമായ കാഴ്‌ചയാണ്.
കാതടിപ്പിക്കുന്ന ഡി ജെ മ്യൂസിക്കിന്‍റെ താളത്തിൽ ചടുലമായ നൃത്തം ചെയ്യുന്ന യുവാക്കളുടെ ഹരം പകരുന്ന കാഴ്‌ചകളാണ് എവിടെയും. കഴിഞ്ഞ പത്ത് ദിവസമായി നടന്നു വരുന്ന ആഘോഷ പരിപാടികൾ ഘോഷയാത്രയോടെയാണ് സമാപിക്കുക. ഒന്നാം തീയതി ഉച്ചയ്ക്ക് ശേഷം വർണാഭമായ ഘോഷയാത്രയും ഫോർട്ട് കൊച്ചിയിൽ നടക്കും.
എല്ലാവരും ഫോര്‍ട്ട്‌കൊച്ചിയിലേക്ക് മാത്രം പോകാതെ കൊച്ചി നഗരത്തിലെ മറ്റ് പരിപാടികളിൽ പങ്കെടുക്കണമെന്നാണ് കൊച്ചി നഗരസഭയും ജില്ല ഭരണകൂടവും ആവശ്യപ്പെടുന്നത്. ഇന്ന് രാത്രി പാപ്പാഞ്ഞിയെ കത്തിക്കുന്ന ഫോര്‍ട്ട് കൊച്ചി പരേഡ് ഗ്രൗണ്ട് ഭാഗത്തേക്ക് വാഹനങ്ങള്‍ കടത്തിവിടില്ല. വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിനായി വിപുലമായ സൗകര്യങ്ങള്‍ സജ്ജമാക്കായിട്ടുണ്ട്.
വനിതകളുടെ സുരക്ഷയ്ക്കായി മഫ്‌തിയിലും വനിത പൊലീസിനെ നിയോഗിക്കും. ഫോർട്ട് കൊച്ചിയിൽ ആയിരം പൊലീസുകാരെയാണ് സുരക്ഷയ്ക്കായി നിയോഗിച്ചത്. നൂറിലധികം സിസിടിവി കാമറ, വാട്ടര്‍ ആംബുലന്‍സ് ഉള്‍പ്പെടെ ആവശ്യമായ മെഡിക്കല്‍ സംഘം, ഫസ്റ്റ് എയ്‌ഡ് സംവിധാനം എന്നിവയും ഒരുക്കും.
ആവശ്യമായ ബയോ ടോയ്‌ലറ്റ്, കുടിവെള്ള സൗകര്യം സജ്ജമാക്കും. ബസ് സര്‍വീസിനായി കൊച്ചിന്‍ കോളജ് ഗ്രൗണ്ടില്‍ താല്‍ക്കാലിക ബസ് സ്റ്റാന്‍ഡ് പ്രവര്‍ത്തിക്കും. വൈകിട്ട് 4 വരെ മാത്രമെ വൈപ്പിനില്‍ നിന്നും റോ-റോ ജങ്കാര്‍ വഴി ഫോര്‍ട്ട് കൊച്ചിയിലേക്ക് വാഹനങ്ങള്‍ കടത്തി വിടുകയുളളു. വൈകിട്ട് 7 വരെ വൈപ്പിനില്‍ നിന്നും ജങ്കാര്‍ വഴി ഫോര്‍ട്ട് കൊച്ചിയിലേക്ക് പൊതുജനങ്ങളെ മാത്രം കടത്തി വിടും.
വൈകിട്ട് 7 ന് ശേഷം റോ-റോ ജങ്കാര്‍ സര്‍വീസും ബോട്ട് സര്‍വീസും ഫോര്‍ട്ട് കൊച്ചിയിലേക്ക് ഉണ്ടാകില്ല. രാത്രി 12ന് ശേഷം ഫോർട്ട് കൊച്ചിയിൽ നിന്നും വൈപ്പിൻ ഭാഗത്തേക്ക് മാത്രം റോ-റോ സർവീസ് നടത്തും.