കൊച്ചി: എറണാകുളം മെഡിക്കൽ കോളജിലെ ഇമേജ് സെന്ററിൽ ആധുനിക സൗകര്യങ്ങളോട് കൂടിയ എംആർഐ സ്‌കാനിങ് യൂണിറ്റ് ആരംഭിച്ചു. ഇതിനൊപ്പം വിപുലീകരിച്ച ഡയാലിസിസ് യൂണിറ്റും പ്രവര്‍ത്തനം തുടങ്ങി.
അത്യാധുനിക ഡിജിറ്റൽ റേഡിയോളജി യൂണിറ്റ്, ആന്തരികവയവങ്ങളിലെ രോഗ ബാധ കൃത്യമായി അറിയാൻ കഴിയുന്ന ഡിജിറ്റൽ ഫ്ളൂറോസ്കോപ്പി യൂണിറ്റ്, കളർ ഡോപ്ലർ, അൾട്രാ സൗണ്ട് സ്‌കാനിങ് മെഷിൻ തുടങ്ങിയവക്ക് പുറമെയാണ് ഇമേജിങ് സെന്‍ററിൽ ടെസ്‌ല എംആർഐ സ്‌കാനിങ് യൂണിറ്റ് പ്രവർത്തനം തുടങ്ങിയത്. 10 കോടി രൂപ ചിലവഴിച്ചാണ് യൂണിറ്റ് സ്ഥാപിച്ചത്. എംആർഐ സ്‌കാനിങ് യൂണിറ്റിന്‍റെ ഉദ്ഘാടനവും മെഡിക്കൽ കോളജിന്‍റെ അഞ്ചാം നിലയിൽ വിപുലീകരിച്ച ഡയാലിസിസ് യൂണിറ്റിന്റെ ഉദ്ഘാടനവും ആരോഗ്യമന്ത്രി കെ കെ ശൈലജ നിർവഹിച്ചു. സ്‌കാനിങ് യൂണിറ്റ് പൂർണമായും പ്രവർത്തന സജ്ജമാക്കാൻ കുറച്ച് ദിവസങ്ങള്‍ കൂടി വേണ്ടിവരും. ഡയാലിസിസ് യൂണിറ്റിനൊപ്പം സങ്കീർണമായ രോഗികളെ പെട്ടെന്ന് ചികിത്സിക്കാൻ ഒരു ആർആർടി യൂണിറ്റും തയ്യാറാണ്.