എറണാകുളം : നേര്യമംഗലത്തെ ജനവാസ മേഖലയിൽ വീണ്ടും കാട്ടാന ഇറങ്ങി കൃഷി നശിപ്പിച്ചു. കൊച്ചി - ധനുഷ്കോടി ദേശീയ പാതയിൽ നേര്യമംഗലം പാലത്തിനോട് ചേർന്നുള്ള ജനവാസ മേഖലയിലെ വീടുകളിലെ പറമ്പുകളിലാണ് കഴിഞ്ഞ ദിവസം രാത്രി കാട്ടാനയെത്തി വ്യാപകമായി കൃഷി നശിപ്പിച്ചത്.
കാട്ടാന നാട്ടുകാരെ പരിഭ്രാന്തിയിലാക്കുകയും ചെയ്തു. ഏത്തവാഴ, കൊക്കോ, കപ്പ, ചേന, കവുങ്ങ്, തെങ്ങ് തുടങ്ങിയ കൃഷികളാണ് നശിപ്പിക്കപ്പെട്ടത്. ഏറെ കാലത്തിനു ശേഷം ആണ് ആനകൾ ഇവിടെയെത്തുന്നതെന്ന് പ്രദേശവാസികൾ പറഞ്ഞു.
ഇതിനു മുമ്പ് പലപ്പോഴായി കാട്ടുപന്നികളുടെ ആക്രമണം കൃഷിയിടങ്ങളിലും മറ്റും ഉണ്ടായിട്ടുണ്ട്. തൊട്ടടുത്തുള്ള വനത്തിൽ നിന്നും പെരിയാർ കുറുകെ കടന്നാണ് ആനകൾ എത്തിയതെന്നാണ് നിഗമനം. ജനങ്ങളുടെ ആശങ്കയും ഭീതിയും അകറ്റി ജീവന് സംരക്ഷണം നൽകാനും, കൃഷി നശിച്ച കർഷകർക്ക് അർഹമായ നാശനഷ്ടം നൽകുവാൻ വനം വകുപ്പ് അധികൃതർ തയ്യാറാകണമെന്നും സ്ഥലം സന്ദർശിച്ച ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ജിൻസിയ ബിജു ആവശ്യപെട്ടു. കാട്ടാനകൾ കാടിറങ്ങി ജനവാസ കേന്ദ്രങ്ങളിലേക്ക് എത്തുന്നതും കൃഷിയിടങ്ങൾ നശിപ്പിക്കുന്നത് തടയുന്നതിനും ഫെൻസിംഗ് അടക്കമുള്ള നടപടികൾ വേണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.