എറണാകുളം: നാമനിര്‍ദേശ പത്രികൾ തള്ളിയതിനെതിരെ എൻ.ഡി.എ സ്ഥാനാര്‍ഥികള്‍ സമര്‍പ്പിച്ച ഹര്‍ജികൾ ഹൈക്കോടതി തള്ളി. തലശ്ശേരി, ഗുരുവായൂർ, മണ്ഡലങ്ങളിലെ ബി.ജെ.പി സ്ഥാനാർഥികളും ദേവികുളം മണ്ഡലത്തിലെ എ.ഐ.ഡി.എം.കെ സ്ഥാനാർഥിയും സമര്‍പ്പിച്ച ഹര്‍ജികളാണ് തള്ളിയത്.
തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ വാദം ശരി വച്ചാണ് കോടതി നടപടി. എൻ.ഡി എ സ്ഥാനാർഥികളുടെ ഹർജികൾ തള്ളണമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷൻ കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. തെരഞ്ഞെടുപ്പ് നടപടികൾ തുടങ്ങിയാൽ കോടതിക്ക് ഇടപെടാനാകില്ലെന്നും വരണാധികാരികളുടെ തീരുമാനം അന്തിമമാണെന്നും ആക്ഷേപമുള്ളവർക്ക് തെരഞ്ഞെടുപ്പ് ഹർജി സമർപ്പിക്കാനേ കഴിയുകയുള്ളൂ എന്നും കമ്മിഷൻ രേഖാ മൂലം കോടതിയെ നിലപാട് അറിയിച്ചിരുന്നു. തെരെഞ്ഞടുപ്പ് വിജ്ഞാപനം ഇറങ്ങിയ ശേഷമുള്ള ഹർജിയിൽ ഇടപെടുന്നില്ലെന്ന് കോടതിയും വ്യക്തമാക്കി.
തലശ്ശേരി മണ്ഡലത്തിലെ ബി.ജെ.പി സ്ഥാനാർഥിയും കണ്ണൂര്‍ ജില്ലാ പ്രസിഡന്‍റുമായ എന്‍.ഹരിദാസ്, ഗുരുവായൂര്‍ മണ്ഡലത്തിലെ ബി.ജെ.പി സ്ഥാനാര്‍ഥിയും മഹിളാമോര്‍ച്ച നേതാവുമായ നിവേദിത, ദേവികുളം മണ്ഡലത്തിലെ എ.ഐ.ഡി.എം.കെ സ്ഥാനാർഥി ധനലക്ഷ്മി എന്നിവരാണ് പത്രികകള്‍ തള്ളിയതിനെതിരെ ഹൈക്കോടതിയെ സമീപിച്ചത്.