എറണാകുളം: കൊച്ചിയിൽ ഇരുമ്പനത്ത് മാലിന്യ കൂമ്പാരത്തില്‍ ദേശീയ പതാക ഉപേക്ഷിച്ച സംഭവത്തിൽ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്‌തു. തോപ്പുംപടി സ്വദേശി സാജിർ, കൊടുങ്ങല്ലൂർ സ്വദേശി ഷമീർ, ചേല ചുവട് സ്വദേശി മണി ഭാസ്ക്കർ എന്നിവരാണ് അറസ്റ്റിലായത്. തീരസംരക്ഷണ സേനയുടെ കപ്പലുകൾ വൃത്തിയാക്കുന്നതിന് കരാർ എടുത്ത ഷമീർ പഴയ ജാക്കറ്റുകൾക്കൊപ്പം ദേശീയ പതാകയും ശേഖരിച്ച് സാജിറിന്‍റെ തോപ്പുംപടിയിലെ ഗോഡൗണിൽ സൂക്ഷിക്കുകയായിരുന്നു.
പിന്നീട് അവിടെ നിന്നും മണി ഭാസ്‌കറിന്‍റെ വാഹനത്തിലാണ് ഇരുമ്പനത്ത് എത്തിച്ച് റോഡരികിൽ ഒഴിഞ്ഞ പറമ്പിൽ തള്ളിയത്. പ്രതികളിലൊരാളായ ഗോഡൗൺ ഉടമ സാജിറിന് സ്റ്റേഷൻ ജാമ്യം നൽകി. മറ്റു രണ്ട് പ്രതികളായ ഷമീർ, മണി ഭാസ്‌കർ എന്നിവരെ കോടതിയിൽ ഹാജരാക്കി റിമാന്‍ഡ് ചെയ്‌തു.
കഴിഞ്ഞ ചൊവ്വാഴ്‌ചയായിരുന്നു ദേശീയ പതാക മാലിന്യ കൂമ്പാരത്തില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. പ്രദേശവാസികളാണ് ദേശീയ പതാക മാലിന്യ കൂമ്പാരത്തില്‍ കിടക്കുന്നത് കണ്ടത്. പിന്നീട് പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു.
തുടര്‍ന്ന് ഹില്‍പാലസ് പൊലീസ് സ്ഥലത്തെത്തി ദേശീയ പതാക മാലിന്യ കൂമ്പാരത്തില്‍ നിന്നും മാറ്റി. ദേശീയ പതാകയെ അവഹേളിച്ചതിന് ഹില്‍പാലസ് പൊലീസ് കേസെടുത്തിരുന്നു. കോസ്റ്റ് ഗാർഡിൽ നിന്നും കരാറുകാരന്‍റെ വിവരം ശേഖരിച്ചാണ് പ്രതികളെ കണ്ടെത്തിയത്.
Also Read എറണാകുളത്ത് മാലിന്യ കൂമ്പാരത്തില്‍ ദേശീയ പതാക ; കേസെടുത്ത് പൊലീസ്