കൊച്ചി: എറണാകുളം മണ്ഡലത്തിൽ ഇത്തവണ മത്സരം പൊടിപാറും. കേരളത്തിലെ ആദ്യത്തെ ഭിന്നലിംഗ സ്ഥാനാർഥിയെന്ന് അവകാശപ്പെടുന്ന ചിഞ്ചു അശ്വതി എന്ന അശ്വതി രാജപ്പൻ കൂടി രംഗത്ത് എത്തിയതോടെ ശക്തമായ മത്സരത്തിനാണ് എറണാകുളം സാക്ഷിയാകുന്നത്. ഭരണഘടന അനുശാസിക്കുന്ന എല്ലാ അവകാശങ്ങളും ഭിന്നലിംഗ വിഭാഗത്തിൽപ്പെടുന്നവർക്ക് ഉണ്ടെന്നും അത് സമൂഹത്തിന് മുന്നിൽ തുറന്ന് കാട്ടാനുമാണ് തന്‍റെ ശ്രമമെന്നും അശ്വതി ഇടിവി ഭാരതിനോട് പറഞ്ഞു.
അങ്കമാലി മഞ്ഞപ്ര സ്വദേശിയാണ് എറണാകുളം ലോക്സഭാ മണ്ഡലം സ്വതന്ത്ര സ്ഥാനാർഥി അശ്വതി. 2017 ൽ ട്രാൻസ്ജെൻഡർ പേഴ്സൺ പ്രൊട്ടക്ഷൻ ഓഫ് റൈറ്റ് ബില്ലിലെ പോരായ്മകൾ ചൂണ്ടിക്കാട്ടി മുന്നിലുണ്ടായിരുന്നു. തന്നെപ്പോലെ സമൂഹത്തിൽ അവഗണനകൾ നേരിടുന്ന ഒരുകൂട്ടം ജനങ്ങളുടെ സ്ഥാനാർഥിയാണ് താനെന്ന് അശ്വതി വ്യക്തമാക്കി. പല ദളിത് ആക്ടിവിസ്റ്റുകളായിട്ടും ദളിത് മൂവ്മെന്‍റുകളുമായും നിരവധി പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിട്ടുണ്ട്. ഇപ്പോൾ തന്റെ രാഷ്ട്രീയം ഏതെന്ന് ചോദിച്ചാൽ 'ഞാൻ ദളിതാണ്' എന്ന ഒറ്റ ഉത്തരമേയുള്ളൂ.
എറണാകുളം ലോക്സഭാ മണ്ഡലത്തിലെ സ്ഥാനാർഥിയായി തന്നെ പരിഗണിച്ചതിലൂടെ ഫലപ്രഖ്യാപനം വരുന്നതിനു മുമ്പ് ഇവിടെ വിജയിച്ചതായും അശ്വതി കൂട്ടിച്ചേർത്തു. തന്‍റെ രാഷ്ട്രീയമോ ഭിന്നമോ നോക്കാതെ സമൂഹം തന്നെ അംഗീകരിച്ചു എന്നതിനുള്ള വലിയ തെളിവായി ഇതിനെ കാണുന്നതായും, അതുകൊണ്ടുതന്നെ നോമിനേഷന് മുൻപുള്ള വിജയമായി ഇതിനെ കണക്കാക്കുന്നുവെന്നും അശ്വതി പറഞ്ഞു.