മൂവാറ്റുപുഴ ടൗൺ വികസനത്തിന്‍റെഭാഗമായി പണം കൈപ്പറ്റിയിട്ടും പൊളിച്ചു മാറ്റാൻ അനുവദിക്കാത്ത കെട്ടിടങ്ങൾ അധികൃതർ പൊളിച്ചുമാറ്റി. റവന്യൂ ,കെ എസ് ടി പി പൊതുമരാമത്ത് വകുപ്പുകളുടെ സംയുക്ത ആഭിമുഖ്യത്തിലാണ് ജെസിബി ഉപയോഗിച്ച് കെട്ടിടങ്ങൾ പൊളിച്ചു നീക്കിയത്. പണം കൈപ്പറ്റിയിട്ടും സ്ഥലം വിട്ടുനൽകണമെന്ന് ആവശ്യപ്പെട്ട് കത്തു നൽകിയിട്ടും സ്ഥലംവിട്ടു നൽകാത്ത കെട്ടിടങ്ങളാണ് പോലീസിന്‍റെ സഹായത്തോടെ കെ എസ് ടി പി യുടെ നേതൃത്വത്തിൽ പൊളിച്ചുമാറ്റിയത്. കഴിഞ്ഞ ആഴ്ച ഈ കെട്ടിടങ്ങളിലേക്ക് ഉള്ള വൈദ്യുതി കെഎസ്ഇബി വിച്ഛേദിച്ചിരുന്നു.
എന്നാൽ ജനറേറ്റർ ഉപയോഗിച്ച് വ്യാപാരസ്ഥാപനങ്ങൾ പ്രവർത്തിച്ചുവരികയായിരുന്നു. ടൗൺ വികസനത്തിനായി സ്ഥലം ഏറ്റെടുക്കാൻ വൈകുന്നതിനെതിരെ വ്യാപക പരാതി ഉയർന്നതിനെ തുടർന്നാണ് ടൗൺ വികസനം വേഗത്തിലാക്കാൻ കഴിഞ്ഞ ദിവസം ചേർന്ന ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗം തീരുമാനിച്ചത്. മൂവാറ്റുപുഴ നിവാസികളുടെ ചിരകാല സ്വപ്നമാണ് മൂവാറ്റുപുഴ ടൗൺ വികസനം. മൂവാറ്റുപുഴ നഗരവികസനത്തിന് 135 പേരുടെ സ്ഥലങ്ങളാണ് ഏറ്റെടുക്കേണ്ടത്. ഈ സർക്കാർ അധികാരത്തിൽ വന്നതിനുശേഷം 82 പേരുടെ സ്ഥലം ഏറ്റെടുത്തു. ഇതിനായി 17.30 കോടി രൂപ വിതരണം ചെയ്തുകഴിഞ്ഞു.
ഏറ്റെടുക്കുന്ന സ്ഥലത്തെ കെട്ടിടങ്ങൾ പൊളിച്ചു മാറ്റുന്നതിനും അവശിഷ്ടങ്ങൾ നീക്കം ചെയ്യുന്നതിനും ആയി 15 ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്. സ്ഥലത്തെ താൽക്കാലിക നിർമ്മാണപ്രവർത്തനങ്ങൾക്ക് 35 ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്. ടൗൺ വികസനവുമായി ബന്ധപ്പെട്ട് ഇനിയും 53 പേരുടെ സ്ഥലം ഏറ്റെടുക്കണം, ഇതിനായി 32.1 4 കോടി രൂപ കിഫ്ബിയിൽ നിന്നും അനുവദിച്ചിട്ടുണ്ട്.