എറണാകുളം : മൂവാറ്റുപുഴ ഇരട്ടക്കൊലപാതകക്കേസിലെ പ്രതി ഗോപാൽ മാലിക്ക് പൊലീസ് കസ്റ്റഡിയിൽ. ഒഡിഷയിൽ നിന്നും അറസ്റ്റ് ചെയ്‌ത പ്രതിയെ മൂവാറ്റുപുഴയിൽ എത്തിച്ച് കോടതിയിൽ ഹാജരാക്കി. നാല് ദിവസത്തെ കസ്റ്റഡിയാണ് കോടതി അനുവദിച്ചത്. പ്രതിയെ കൊലപാതകം നടന്ന വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തും.
കഴിഞ്ഞ ഞായറാഴ്‌ച ഉച്ചയോടെയായിരുന്നു അസം സ്വദേശികളായ രണ്ടു പേരുടെ മൃതദേഹങ്ങൾ കഴുത്തറുത്ത നിലയിൽ മൂവാറ്റുപുഴ അടൂപ്പറമ്പിലെ താമസ സ്ഥലത്ത് കണ്ടെത്തിയത്. തടിമില്ലിലെ തൊഴിലാളികളായിരുന്ന അസം സ്വദേശികളായ മോഹൻതോ, ദീപങ്കർ ബസുമ എന്നിവരായിരുന്നു കൊല്ലപ്പെട്ടത്. ഇവർക്ക് ഒപ്പം താമസിച്ചിരുന്ന മറ്റൊരു ഒഡിഷ സ്വദേശി ഗോപാൽ മാലിക്കിനെ ഇവിടെ നിന്നും കാണാതായിരുന്നു. ഇയാളെ കേന്ദ്രീകരിച്ചാണ് അന്വേഷണം നടത്തിയത്.
തൊഴിലാളികളില്‍ ഒരാളുടെ ഭാര്യ ഞായറാഴ്‌ച രാവിലെ മുതല്‍ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചിട്ടും സാധിക്കാതെ വന്നതോടെ മില്ലുടമയുമായി ബന്ധപ്പെടുകയായിരുന്നു. തുടര്‍ന്ന് മില്ലുടയുടെ നിര്‍ദേശപ്രകാരം തൊഴിലാളികളുടെ താമസ സ്ഥലത്തെത്തിയവരാണ് ഇരുവരുടെയും മൃതദേഹം കണ്ടെത്തിയത്. ഇതോടെ മൂവാറ്റുപുഴ പൊലീസാണ് സംഭവത്തിൽ കേസെടുത്ത് അന്വേഷണം തുടങ്ങിയത്.
പ്രതി ഗോപാൽ സംഭവം നടന്ന അന്നു തന്നെ ഒഡിഷയിലേക്ക് ട്രെയിൻ മാർഗം കടക്കുകയായിരുന്നു. ജില്ലാ പൊലീസ് മേധാവി വിവേക് കുമാറിന്‍റെ മേൽനോട്ടത്തിൽ ഡിവൈഎസ്‌പി മുഹമ്മദ് റിയാസ്, ഇൻസ്പെക്‌ടർ പി.എം ബൈജു എന്നിവരടങ്ങുന്ന പ്രത്യേക പൊലീസ് ടീം രൂപീകരിച്ചായിരുന്നു അന്വേഷണം. ഉടൻ തന്നെ എസ്.പി ഒഡിഷ പൊലീസുമായി ബന്ധപ്പെട്ട് വിവരങ്ങൾ കൈമാറിയിരുന്നു.
ഇതിനിടയിൽ ഗോപാൽ മാലിക് മൊബൈൽ ഫോൺ സ്വിച്ച് ഓഫാക്കിയിരുന്നു. ലഭ്യമായ വിവരങ്ങൾ തത്സമയം ഒഡിഷ പൊലീസിനെ അറിയിച്ചു കൊണ്ടിരുന്നു. ഒഡിഷയിലെ റായ് ഗുഡ റയിൽവേ സ്റ്റേഷനിൽ ഇറങ്ങിയ പ്രതിയെ പൊലീസ് തടഞ്ഞുവയ്ക്കുകയും മുനിഗുഡ പൊലീസ് സ്റ്റേഷനിലേക്ക് മാറ്റുകയും ചെയ്‌തു. ഇതിനിടയിൽ അവിടെയെത്തിയ പ്രത്യേക അന്വേഷണ സംഘം ഗോപാൽ മാലിക്കിനെ തിരിച്ചറിഞ്ഞ് അറസ്റ്റ് രേഖപ്പെടുത്തി. പ്രാഥമിക ചോദ്യം ചെയ്യലിന് ശേഷം ബിസാം കട്ടക്ക് കോടതിയിൽ ഹാജരാക്കി മൂവാറ്റുപുഴയിൽ എത്തിക്കുകയായിരുന്നു.