എറണാകുളം: മുട്ടിൽ മരംമുറി കേസിൽ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്‌ത നാല് പ്രതികളെയും വ്യാഴാഴ്‌ച കോടതിയിൽ ഹാജരാക്കും. ബുധനാഴ്‌ച രാവിലെയായിരുന്നു റോജി അഗസ്റ്റിൻ, സഹോദരങ്ങളായ ആന്‍റോ അഗസ്‌റ്റിൻ, ജോസൂട്ടി അഗസ്റ്റിൻ ഇവരുടെ ഡ്രൈവർ വിനീഷ് എന്നിവരെ കസ്റ്റഡിയിലെടുത്തത്.
പ്രതികളെ ആലുവ പൊലീസ് ക്ലബിൽ എത്തിച്ച് എഡിജിപി ശ്രീജിത്തിന്‍റെ നേതൃത്വത്തിൽ ചോദ്യം ചെയ്‌ത് വരികയാണ്. പ്രതികളെ രാവിലെ കോടതിയിൽ ഹാജരാക്കുമെന്ന് എഡിജിപി അറിയിച്ചു.
കോടതി നിർദേശത്തിന് അനുസരിച്ച് പ്രതികളുടെ അമ്മയുടെ സംസ്‌കാര ചടങ്ങിൽ പങ്കെടുക്കാൻ അവസരമൊരുക്കുമെന്നും നിലവിൽ ചോദ്യം ചെയ്യലുമായി പ്രതികൾ സഹകരിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Also Read: മുട്ടിൽ മരം മുറി : പ്രതികളെ അറസ്റ്റ് ചെയ്‌തെന്ന് സർക്കാർ ഹൈക്കോടതിയിൽ
മുട്ടിൽ സൗത്ത് വില്ലേജിലെ പട്ടയഭൂമിയിൽ നിന്ന് കോടികളുടെ മരങ്ങൾ മുറിച്ച് കടത്തിയതിനാണ് പ്രതികൾക്കെതിരെ കേസെടുത്തത്. മരം മുറി കേസിൽ പ്രതികളെ അറസ്റ്റ് ചെയ്യാത്തതിന് ഹൈക്കോടതി സർക്കാരിനെ രൂക്ഷമായി വിമർശിച്ചിരുന്നു.
ഒളിവിൽ കഴിയുകയായിരുന്ന പ്രതികളായ അഗസ്റ്റിൻ സഹോദരങ്ങളുടെ മാതാവ് പുലർച്ചെ വയനാട്ടിൽ വച്ച് മരണപ്പെട്ടിരുന്നു. ഇതേ തുടർന്ന് വീട്ടിലേക്കുള്ള യാത്രയിൽ പ്രതികളെ കുറ്റിപ്പുറത്ത് വെച്ച് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
അമ്മ മരിച്ച സാഹചര്യത്തിൽ കസ്റ്റഡിയിൽ എടുക്കരുതെന്ന് ആവശ്യപ്പെട്ട് പ്രതികൾ ഹൈകോടതിയെ സമീപിച്ചിരുന്നു. എന്നാൽ ഇവരെ അറസ്റ്റ് ചെയ്‌തതായി സർക്കാർ കോടതിയെ അറിയിച്ചു. സംസ്‌കാര ചടങ്ങിൽ പങ്കെടുക്കുന്നതിന് പൊലീസ് സൗകര്യമൊരുക്കുമെന്നും സർക്കാർ കോടതിയെ അറിയിച്ചിരുന്നു.