എറണാകുളം: മുത്തൂറ്റ് ഫിനാൻസിലെ തൊഴിൽ തർക്കം പരിഹരിക്കാൻ ഇന്ന് വീണ്ടും കൊച്ചിയിൽ മധ്യസ്ഥ ചർച്ച നടക്കും. ഹൈക്കോടതി നിർദ്ദേശിച്ച മധ്യസ്ഥന്റെ സാന്നിധ്യത്തിൽ ഇത് മൂന്നാം തവണയാണ് ചർച്ച നടക്കുന്നത്. മാനേജ്മെന്റ് പ്രതിനിധികളും ട്രേഡ് യൂണിയൻ നേതാക്കളും ചർച്ചയിൽ പങ്കെടുക്കും. ഇരുവിഭാഗവും വിട്ടുവീഴ്ച്ചക്ക് തയ്യാറാകാത്തതിനെ തുടർന്നാണ് കഴിഞ്ഞ രണ്ട് ചർച്ചകളും തീരുമാനമാകാതെ പിരിഞ്ഞത്. പിരിച്ചുവിട്ട 167 തൊഴിലാളികളേയും തിരിച്ചെടുക്കാതെ സമരം അവസാനിപ്പിക്കില്ലെന്ന നിലപാടിലാണ് തൊഴിലാളികൾ ഉറച്ച് നിൽക്കുന്നത്. എന്നാൽ ലാഭകരമല്ലാത്ത ശാഖകൾ അടച്ചുപൂട്ടിയതിനെ തുടർന്നാണ് ജീവനക്കാരെ ഒഴിവാക്കിയതെന്നാണ് മാനേജ്മെന്റ് നിലപാട്.
സമരം തുടർന്നാൽ കേരളത്തിലെ കൂടുതൽ മുത്തൂറ്റ് ഫിനാൻസ് ശാഖകൾ അടച്ചുപൂടേണ്ടിവരുമെന്നാണ് മാനേജ്മെന്‍റ് മുന്നറിയിപ്പ്. ചർച്ചകളിൽ പുരോഗതിയുണ്ടെന്നാണ് ട്രേഡ് യൂണിയന്റെ വിലയിരുത്തൽ. ഹൈക്കോടതി നിർദ്ദേശപ്രകാരം നടക്കുന്ന ചർച്ചയെ അർഹിക്കുന്ന ഗൗരവത്തിൽ മുത്തൂറ്റ് മാനേജ്മെന്റ് കാണുന്നില്ലെന്നും ട്രേഡ് യൂണിയൻ നേതാക്കൾ കുറ്റപ്പെടുത്തുന്നു. തൊഴിലാളി സംഘടനകളെ പ്രതിനിധീകരിച്ച് സി.ഐ.ടി.യു നേതാക്കളായ എളമരം കരീം, കെ.എൻ.ഗോപിനാഥ് എന്നിവർ ചർച്ചയിൽ പങ്കെടുക്കും. വൈകുന്നേരം മൂന്ന് മണി മുതൽ പത്തടിപ്പാലം ഗവൺമെന്റ് റെസ്റ്റ് ഹൗസിലാണ് ചർച്ച നടക്കുക.