കൊച്ചി: പൗരത്വ രജിസ്റ്റര്‍, പൗരത്വ ഭേദഗതി നിയമം എന്നിവ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് മുസ്‌ലിം സംഘടനകളുടെ സംയുക്ത റാലിയും പ്രതിഷേധ സംഗമവും ജനുവരി ഒന്നിന് മറൈന്‍ഡ്രൈവില്‍ നടക്കും. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ, കാന്തപുരം എ.പി.അബൂബക്കർ മുസ്ലിയാർ ഉൾപ്പടെയുള്ള മുഴുവൻ മുസ്ലിം സംഘടനകളുടെയും നേതാക്കൾ പരിപാടിയിൽ സംബന്ധിക്കും. അഡ്വ. പ്രശാന്ത് ഭൂഷൺ, ദലിത് ആക്‌ടിവിസ്റ്റ് ജിഗ്നേഷ് മേവാനി തുടങ്ങിയവർ പരിപാടിയില്‍ അതിഥികളാകും.
വൈകിട്ട് മൂന്നിന് വിവിധ മഹല്ല് കമ്മിറ്റികളുടെ നേതൃത്വത്തിലുള്ള ചെറുജാഥകള്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ നിന്നും ഫോര്‍ഷോര്‍ റോഡില്‍ നിന്നും സമ്മേളന നഗരിയായ മറൈന്‍ ഡ്രൈവിലേക്ക് പുറപ്പെടും. തുടര്‍ന്ന് നടക്കുന്ന സമരപ്രഖ്യാപന കണ്‍വെന്‍ഷനില്‍ മുഴുവന്‍ മുസ്‌ലിം സംഘടനകളുടെയും നേതാക്കളും വിവിധ മതനേതാക്കളും ജനപ്രതിനിധികളും സംസാരിക്കും.
സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ, കേരള മുസ്‌ലിം ജമാഅത്ത്, ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമ, കേരള നദ്‌വത്തുല്‍ മുജാഹിദീന്‍, സംസ്ഥാന കേരള ജംഇയ്യത്തുല്‍ ഉലമ, ജമാഅത്തെ ഇസ്‌ലാമി, കെഎന്‍എം മര്‍ക്കസുദഅ്‌വ, മുസ്‌ലിം ലീഗ്, കെഎംഇഎ, എംഇഎസ്, എംഎസ്‌എസ്, വിസ്‌ഡം ഇസ്‌ലാമിക് ഓര്‍ഗനൈസേഷന്‍, എറണാകുളം ജില്ലാ ജമാഅത്ത് കൗണ്‍സില്‍, മഹല്ല് കോര്‍ഡിനേഷന്‍ കമ്മിറ്റി, വിവിധ ജമാഅത്ത് കൗണ്‍സിലുകള്‍ എന്നിവര്‍ സംയുക്തമായാണ് പ്രതിഷേധ റാലിയും സംഗമവും സംഘടിപ്പിക്കുന്നത്.
ബെന്നി ബെഹന്നാൻ, പി.കെ.കുഞ്ഞാലിക്കുട്ടി, ഹൈബി ഈഡൻ, എ.എം.ആരിഫ് തുടങ്ങിയ പാർലമെന്റ് അംഗങ്ങളും സമ്മേളനത്തിൽ സംബന്ധിക്കുമെന്ന് സ്വാഗത സംഘം ചെയര്‍മാന്‍ ടി.എച്ച്.മുസ്തഫ, ജനറല്‍ കണ്‍വീനര്‍ വി.കെ.ഇബ്രാഹിംകുഞ്ഞ് എംഎല്‍എ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ഫാസിസ്റ്റ് ഭരണകൂടത്തിനെതിരെ രാജ്യമെമ്പാടും നടക്കുന്ന പ്രക്ഷോഭങ്ങള്‍ക്ക് കരുത്ത് പകരുന്നതായിരിക്കും കൊച്ചിയിലെ മഹാറാലി. പൗരത്വ ഭേദഗതി നിയമം പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ലെങ്കില്‍ ജനാധിപത്യ രീതിയില്‍ കൂടുതല്‍ പ്രക്ഷോഭ പരിപാടികളിലേക്ക് കോ ഓഡിനേഷന്‍ കമ്മിറ്റി നീങ്ങുമെന്നും ഭാരവാഹികള്‍ അറിയിച്ചു.