എറണാകുളം : കൊച്ചി മെട്രോ യാത്രക്കാർക്ക് കൗതുകം പകർന്ന് സംഗീതം പൊഴിക്കുന്ന ഗോവണി പടികൾ. മെട്രോയുടെ എം.ജി റോഡ് സ്റ്റേഷനിലാണ് മ്യൂസിക്കല്‍ സ്റ്റെയര്‍ സജ്ജമാക്കിയിരിക്കുന്നത്. പടികളിറങ്ങുമ്പോൾ സംഗീതം പൊഴിക്കുന്ന സംസ്ഥാനത്തെ ആദ്യത്തെ മ്യൂസിക്കല്‍ സ്റ്റെയര്‍ സംവിധാനമാണിത്.
നഗര ജീവിതത്തിന്‍റെ തിരക്കുകൾക്കിടയിൽ ലിഫ്റ്റും , എസ്കലേറ്ററും മാത്രം ഉപയോഗിക്കുന്നവരെ പടികൾ കയറാൻ പ്രോത്സാഹിപ്പിക്കുകയാണ് സംഗീത ഗോവണിയെന്ന ആശയത്തിന്റെ ലക്ഷ്യം. പടികളിലൂടെ കയറുകയും ഇറങ്ങുകയും ചെയ്യുന്നവരുടെ മുഖത്ത് വിരിയുന്നത് സമ്പന്നമായ പുഞ്ചിരി. മ്യൂസിക്കൽ സ്റ്റയറിനെ കുറിച്ച് അറിയാതെ പടികൾ ഉപയോഗിച്ചവർക്ക് ആദ്യം ആശ്ചര്യവും പിന്നെ കൗതുകവും.
വേറിട്ടൊരു അനുഭവമായിരുന്നെന്നും ആസ്വദിച്ച് പടികൾ കയറാൻ കഴിയുന്നുണ്ടെന്നുമാണ് യാത്രക്കാരിയായ അലീനയുടെ അഭിപ്രായം. വിദേശ രാജ്യങ്ങളിൽ പ്രചാരത്തിലുള്ള ഇത്തരം സംവിധാനങ്ങൾ നമ്മുടെ നാട്ടിലും ലഭ്യമായതിൽ സന്തോഷമെന്നാണ് മെട്രോ സ്റ്റേഷനിലെത്തിയ സുഷീല്‍ പ്രതികരിച്ചത്.
ALSO READ 'വരുന്നു കൊവിഡ് സുനാമി'; മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന
ഉല്ലാസത്തോടൊപ്പം ആരോഗ്യവുമെന്ന കാഴ്‌ചപ്പാടോടെയാണ് കൊച്ചി മെട്രോ,ട്രിയാക്‌സിയ ഇന്‍ഫോടെക് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുമായി സഹകരിച്ച് സംഗീത ഗോവണി യാഥാർഥ്യമാക്കിയത്. ആദ്യത്തെ രണ്ടുമാസത്തെ ജനങ്ങളുടെ അഭിപ്രായമനുസരിച്ചായിരിക്കും സംവിധാനം വിപുലപെടുത്തുന്നതിൽ തീരുമാനമെടുക്കുകയെന്ന് കമ്പനിയുടെ എം.ഡി. സനോജ് സൈമൺ പറഞ്ഞു. കെ.എം.ആര്‍.എല്‍ സീനിയര്‍ ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ സുമി നടരാജനാണ് ഇത്തരമൊരു ആശയവുമായി തങ്ങളെ സമീപിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.
ലേസർ ബീം ലൈറ്റുകൾ ഉപയോഗിച്ചാണ് മ്യൂസിക്കൽ സ്റ്റെയർ പ്രവർത്തിക്കുന്നത്. ഒരാഴ്‌ച കൊണ്ടാണ് മ്യൂസിക്കൽ സ്റ്റെയര്‍ തയ്യാറാക്കിയതെന്ന് ഇതിന് പിന്നിൽ പ്രവർത്തിച്ച സാങ്കേതിക പ്രവർത്തകരിലൊരാളായ അഖിൽ പറഞ്ഞു. പിയാനോ, കീ ബോര്‍ഡ് എന്നിവ വായിക്കാനറിയാവുന്നവര്‍ക്ക് കാല്‍പ്പാദം ഉപയോഗിച്ച് സംഗീതം കമ്പോസ് ചെയ്യാവുന്ന വിധത്തില്‍ മ്യൂസിക് നോട്ടുകളും കീയും പടികളില്‍ ആലേഖനം ചെയ്യാനാണ് ശ്രമം.
ALSO READ Omicron | പുതുവത്സരാഘോഷങ്ങൾ രാത്രി 10 വരെ മാത്രം ; നിയന്ത്രണങ്ങൾ ഇന്ന് മുതൽ
പുതിയ സംഗീതം കമ്പോസ് ചെയ്യാന്‍ വരെ കഴിയുന്ന തരത്തിൽ സംഗീത ഗോവണിയിൽ മാറ്റം വരുത്താൻ കഴിയും. പടികള്‍ കയറുന്നതും ഇറങ്ങുന്നതും മികച്ച ആരോഗ്യശീലമാണെന്ന് വിദഗ്‌ധര്‍ നിര്‍ദേശിക്കുന്ന സാഹചര്യത്തിലാണ് പ്രോത്സാഹനവുമായി കെ.എം.ആര്‍.എല്‍ സംഗീത ഗോവണി സ്ഥാപിച്ചത്.