എറണാകുളം : ഗൂഢാലോചന കേസ് റദ്ദാക്കാൻ നടൻ ദിലീപ് നൽകിയ ഹർജിയിൽ ഹൈക്കോടതി ചൊവ്വാഴ്‌ച വിധി പറയും. ജസ്റ്റിസ് സിയാദ് റഹ്‌മാന്‍റെ ബഞ്ചാണ് വിധി പറയുന്നത്. നടിയെ ആക്രമിച്ച കേസിലെ അന്വേഷണ സംഘത്തെ വധിക്കാൻ പദ്ധതിയിട്ടതായി സംവിധായകൻ ബാലചന്ദ്രകുമാറിന്‍റെ വെളിപ്പെടുത്തലുകളെ തുടർന്നാണ് ദിലീപ് ഉൾപ്പടെയുള്ളവർക്കെതിരായ വധ ഗൂഢാലോചന കേസ്.
നടിയെ ആക്രമിച്ച കേസിൽ തനിക്കെതിരെ തെളിവുണ്ടാക്കാൻ വേണ്ടി അന്വേഷണ സംഘം കെട്ടിച്ചമച്ചതാണ് ഈ കേസെന്നും നടിയെ ആക്രമിച്ച കേസിന്‍റെ വിചാരണ നീട്ടിക്കൊണ്ടുപോകാനാണ് ക്രൈം ബ്രാഞ്ച് സംഘം ശ്രമിക്കുന്നതെന്നും ദിലീപ് ഹർജിയിൽ ആരോപിച്ചിരുന്നു. കേസ് റദ്ദാക്കാൻ കഴിയില്ലെങ്കിൽ അന്വേഷണം സി.ബി.ഐയ്ക്ക് വിടണമെന്നും ദിലീപ് ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു. അതേസമയം, വധഗൂഢാലോചന കേസ് സി.ബി.ഐക്ക് വിടുന്നതിനെ സംസ്ഥാന സർക്കാർ എതിർത്തിരുന്നു.
ALSO READ | നടി ആക്രമണം: തുടരന്വേഷണ വിവരം ചോര്‍ന്നുവെന്ന പരാതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു
കേസിൽ ദിലീപ് ഒന്നാം പ്രതി : അന്വേഷണം, നേരായ രീതിയിലാണ് നടക്കുന്നതെന്നും മറ്റൊരു ഏജൻസിക്ക് അന്വേഷണം കൈമാറേണ്ട കാര്യമില്ലെന്നുമായിരുന്നു സർക്കാർ നിലപാട്. അന്വേഷണം തുറന്ന മനസോടെയാണ് നടക്കുന്നതെന്നും, ഏജൻസിയെ തെരഞ്ഞെടുക്കാൻ പ്രതിക്ക് അവകാശമില്ലെന്നുമാണ് പ്രോസിക്യൂഷന്‍റെ വാദം. പ്രതിഭാഗത്തിന്‍റെയും പ്രോസിക്യൂഷന്‍റെയും വിശദമായ വാദം കേട്ട ശേഷമാണ് ഹൈക്കോടതി ഈ കേസിൽ നാളെ വിധി പറയുന്നത്.
വധ ഗൂഢാലോചന കേസിൽ ദിലീപാണ് ഒന്നാം പ്രതി. സഹോദരൻ അനൂപ്, സഹോദരീ ഭർത്താവ് ടി.എൻ സുരാജ്, ബന്ധുവായ അപ്പു, സുഹൃത്തായ ബൈജു ചെങ്ങമനാട്, ആലുവയിലെ ഹോട്ടലുടമയായ ശരത്, സായ് ശങ്കർ എന്നിവരാണ് കേസിലെ മറ്റ് പ്രതികൾ. ഈ കേസിൽ കോടതി നേരത്തേ ദിലീപ് ഉൾപ്പടെയുളള പ്രതികൾക്ക് മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു.