എറണാകുളം: തദ്ദേശ തെരഞ്ഞെടുപ്പിൽ ജമാഅത്തെ ഇസ്ലാമിയുമായി സഖ്യമില്ലെന്ന് കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ. യുഡിഎഫ് കണ്‍വീനര്‍ എം.എം ഹസന്‍റെ നിലപാടിനെതിരെ പ്രതികരിക്കുകയായിരുന്നു മുല്ലപ്പള്ളി രാമചന്ദ്രൻ. ഘടകകക്ഷികളില്ലാതെ ആരുമായും നീക്കുപോക്കില്ല. ഹസൻ പറഞ്ഞതിനെക്കുറിച്ച് അറിയില്ലെന്നും മുല്ലപ്പള്ളി വ്യക്തമാക്കി.
അതിജീവനത്തിന്‍റെ വെപ്രാളമാണ് മുഖ്യമന്ത്രി പിണറായി വിജയൻ നടത്തുന്നത്. തന്‍റെ മുഖം രക്ഷിക്കാൻ മുഖ്യമന്ത്രി, പ്രതിപക്ഷ നേതാക്കളെ അപമാനിക്കാൻ ശ്രമിക്കുന്നു. തന്നെപ്പോലെ എല്ലാവരും അഴിമതിക്കാരാണെന്ന് വരുത്താനാണ് പ്രതിപക്ഷ നേതാക്കൾക്ക് എതിരെ വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചതെന്നും അദ്ദേഹം ആരോപിച്ചു. പൊളിറ്റിക്കൽ ബ്ലാക്ക് മെയിലിങ് അനുവദിക്കാൻ കഴിയില്ല. സോളാർ ആരോപണങ്ങളിൽ പറയുന്ന കാര്യങ്ങളിൽ വസ്‌തുതയുണ്ടെങ്കിൽ അത് തെളിയിക്കപ്പെടണമെന്ന് ആഗ്രഹിച്ചിരുന്ന ഒരാളാണ് താൻ. എന്നാൽ ആരോപണങ്ങൾക്ക് പിന്നിൽ രാഷ്‌ട്രീയ ഗൂഢാലോചനയുണ്ടെന്ന് തെളിയുന്നു. സോളാറിലെ പുതിയ വെളിപ്പെടുത്തലിനെക്കുറിച്ച് സമഗ്രമായ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സോളാർ ഗൂഢാലോചനയിലെ വിവാദ നായികയുമായി സി.പി.എം നേതാക്കൾക്കും എം.എൽ.എമാർക്കും എന്താണ് ബന്ധമെന്ന് പൊതുസമൂഹത്തിന് അറിയാൻ താൽപര്യമുണ്ട്. സ്വർണക്കടത്തിനെക്കുറിച്ചുള്ള വി. മുരളീധരന്‍റെ പ്രസ്‌താവന ഉത്തരവാദിത്തമില്ലായ്‌മയാണ്. മുരളീധരന് എന്താണ് ഒളിക്കാനുള്ളത്. ഇ.ഡിയിൽ ബിജെപി രാഷ്‌ട്രീയ ഇടപെടൽ നടത്തിയില്ലെങ്കിൽ മുഖ്യമന്ത്രി അഴി എണ്ണേണ്ടി വരും. സിപിഎമ്മിന്‍റെ ബി ടീമായി ബിജെപി പ്രവർത്തിക്കുന്നുവെന്നും മുല്ലപ്പള്ളി ആരോപിച്ചു.