എറണാകുളം: കരിപ്പൂർ വിമാനത്താവള സ്വർണ്ണക്കടത്ത് കേസിൽ അറസ്റ്റിലായ മുഹമ്മദ് ഷഫീഖ് കസ്റ്റംസ് കസ്റ്റഡിയിൽ. സാമ്പത്തിക കുറ്റകൃത്യങ്ങൾ പരിഗണിക്കുന്ന കൊച്ചി എസിജെഎം കോടതിയാണ് പ്രതിയെ കസ്റ്റംസ് കസ്റ്റഡിയിൽ വിട്ടത്. കസ്റ്റംസ് അപേക്ഷ പരിഗണിച്ച് അഞ്ച് ദിവസത്തെ കസ്റ്റഡിയാണ് അനുവദിച്ചത്.
കരിപ്പൂരിൽ പിടികൂടിയ സ്വർണ്ണക്കടത്തിൽ അർജ്ജുൻ ആയങ്കിക്ക് നേരിട്ട് പങ്കുണ്ടെന്ന് കസ്റ്റംസ് കോടതിയെ അറിയിച്ചു.സ്വർണ്ണം കടത്തിയത് അർജ്ജുന് വേണ്ടി എന്ന് പിടിയിലായ മുഹമ്മദ് ഷഫീഖ് മൊഴി നൽകിയിട്ടുണ്ട്. ഇത് തെളിയിക്കുന്ന ഫോൺ രേഖകൾ ഉൾപ്പടെ ലഭിച്ചിച്ചിട്ടുണ്ട്. സ്വർണ്ണം കടത്തിന്‍റെ ഉറവിടം സംബന്ധിച്ച് അന്വേഷണം തുടരുകയാണ്. മുഹമ്മദ് ഷഫീഖിനെ കസ്റ്റഡിയിൽ ചോദ്യം ചെയ്താൽ കൂടുതൽ വിരങ്ങൾ ലഭിക്കും.
നേരത്തെ കസ്റ്റംസ് നൽകിയ നോട്ടീസ് പ്രകാരം അർജുൻ ഇന്ന് കൊച്ചിയിലെ കസ്റ്റംസ് ഓഫീസിൽ ഹാജരായിരുന്നു. അഭിഭാഷകര്‍ക്കൊപ്പമാണ് അര്‍ജ്ജുൻ ചോദ്യം ചെയ്യലിനെത്തിയത്.
Also Read: കരിപ്പൂർ സ്വർണക്കടത്ത്; അര്‍ജുൻ ആയങ്കി ചോദ്യം ചെയ്യലിന് ഹാജരായി
രാമനാട്ടുകര വാഹന അപകടത്തിന് പിന്നാലെ സ്വർണക്കടത്ത് പുറത്തു വന്നതോടെയാണ് അർജ്ജുൻ ആയങ്കിയിലേക്ക് അന്വേഷണം നീങ്ങിയത്. കരിപ്പൂർ സ്വർണ്ണക്കടത്തിലെ മുഖ്യ ആസൂത്രകൻ അർജുൻ ആയങ്കിയാണെന്ന് കസ്റ്റംസ് കോടതിയെ അറിയിച്ചിരുന്നു. കരിപ്പൂർ വിമാനത്താവളത്തിൽ നിന്നും പിടികൂടിയ ഷഫീഖിനെ ചോദ്യം ചെയ്തതിൽ നിന്നുമാണ് മുഖ്യ ആസൂത്രകൻ അർജ്ജുനാണെന്ന് വ്യക്തമായത്. ഷഫീഖിനെയും അർജ്ജുൻ ആയങ്കിയെയും ഒരുമിച്ച് ഇരുത്തി ഇന്ന് കസ്റ്റംസ് ചോദ്യം ചെയ്തേക്കും.