എറണാകുളം: ഇന്ധന വിലവർധനവിനെതിരെ വ്യത്യസ്തമായ ക്യാമ്പയിൽ സംഘടിപ്പിച്ച് മുവാറ്റുപുഴ മുസ്ലിം ലീഗ് സൈബർ വിംഗ്. ഇന്ധന വില ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിൽ പെട്രോളിന്‍റെ വില പ്രവചിക്കുന്നതിന് സമ്മാനം ഏർപ്പെടുത്തിയ ക്യാമ്പയിൻ ജൂൺ 29ന് ആരംഭിച്ചു. ക്യാമ്പയിൻ ആരംഭിച്ച് ആറ് ദിവസത്തിനുള്ളിൽ 10,745 പേർ ക്യാമ്പയിനിൽ പങ്കാളികളായി.
ഇന്ധന വില വർധിപ്പിക്കുന്ന കേന്ദ്ര സർക്കാരിനും കേരളത്തിന് കിട്ടുന്ന നികുതി വിഹിതത്തിനായി കേന്ദ്രത്തിനൊപ്പം നിൽക്കുന്ന പിണറായി സർക്കാരിനും എതിരെയാണ് ഈ ക്യാമ്പയിനെന്ന് മുസ്ലീം ലീഗ് എറണാകുളം ജില്ലാ പ്രസിഡന്‍റ് കെ.എം അബ്ദുൾ മജീദ് പറഞ്ഞു. ക്യാമ്പയിനിൽ പെട്രോൾ വില ശരിയായി പ്രവചിച്ചവരിൽ നിന്ന് യുഡിഎഫ് സംസ്ഥാന സെക്രട്ടറി അഡ്വ.ജോണി നെല്ലൂർ നറുക്കെടുപ്പിലൂടെ വിജയിയെ തെരഞ്ഞെടുത്തു.
മുവാറ്റുപുഴ സ്വദേശി പ്രശാന്ത് ഉണ്ണിയാണ് പ്രവചന മത്സരത്തിൽ വിജയിച്ചത്. കെ.എം.അബ്ദുൾ മജീദ് മത്സര വിജയി പ്രശാന്ത് ഉണ്ണിയുടെ വാഹനത്തിന് ഫുൾ ടാങ്ക് പെട്രോൾ നിറച്ചു നൽകി. സൈബർ വിംഗ് കോ-ഓഡിനേറ്റർ ഷാഫി മുതിരക്കാലയാണ് ക്യാമ്പയിന് നേതൃത്വം നൽകിയത്.